രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയെ സഹായിച്ച അജ്മലിനെയാണ് അറസ്റ്റ് ചെയ്തത്. പ്രതി അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍സംസ്ഥാന ബന്ധമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. കണ്ണൂര്‍ സ്വദേശിയാണ് അറസ്റ്റിലായ അജ്മല്‍. ഒന്‍പത് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അജ്മലിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്.

അജ്മല്‍ തന്റെ മാതാവിന്റെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് അര്‍ജുന്‍ ആയങ്കിയ്ക്കും മുഹമ്മദ് ഷാഫിയ്ക്കും സിം കാര്‍ഡ് എടുത്ത് നല്‍കിയിരുന്നു. കൂടാതെ സ്വര്‍ണക്കടത്തിനും സ്വര്‍ണം അപഹരിക്കുന്നതിനും അജ്മല്‍ കൂട്ടുനിന്നിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

അതേസമയം, ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വിട്ടയച്ചു. ചോദ്യം ചെയ്യലിനായി ഷാഫിയെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

Top