സിമന്റ് ലോറിയില്‍ കഞ്ചാവ് കടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: സിമന്റ് ലോറിയില്‍ 167.5 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എറണാകുളം കുന്നത്ത്‌നാട് അല്ലപ്ര സ്വദേശി അമ്പലവീട്ടില്‍ അപ്പം സജി എന്ന സജീവ് കുമാറിനെയാണ് (46) ഉത്തരമേഖല എക്‌സൈസ് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ആര്‍.എന്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ആന്ധ്രപ്രദേശിലെ കടപ്പയില്‍ നിന്നും 167.5 കിലോഗ്രാം കഞ്ചാവ് വയനാട്ടിലെ പെരിയയില്‍ എത്തിച്ച ശേഷം ഒരു പിക്കപ്പ് വാഹനത്തിലേക്ക് മാറ്റി കയറ്റി എറണാകുളത്തേക്ക് കൊണ്ടു പോകുന്നതിനിടെയാണ് 2020 ഒക്‌റ്റോബര്‍ മൂന്നിന് മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കാളികാവില്‍ വെച്ച് പിടികൂടി വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരേ അറസ്റ്റ് ചെയ്തത്. പിന്നീട് സിമെന്റ് ലോറി ഡ്രൈവറെയും അറസ്റ്റ് ചെയ്തിരുന്നു.

കേസന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ച് എറ്റെടുക്കുകയും ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കൊണ്ടുവരാന്‍ പോയവരും അതിനായി പണം മുടക്കിയവരുമായ അഞ്ച് പേരെ കണ്ടെത്തി പ്രതിയാക്കി നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. മുന്‍പ് അറസ്റ്റിലായ പ്രതികള്‍ ആന്ധ്രയില്‍ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് പെരുമ്പാവൂരില്‍ വില്‍പ്പന നടത്തിയിരുന്നത് സജീവ് കുമാറായിരുന്നു.

പെരുമ്പാവൂര്‍ എം.സി. റോഡില്‍ ഇല്ലിത്തോപ്പ് എന്ന പേരില്‍ പ്രവര്‍ത്തിച്ച ഹോട്ടലിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം. ഈ കേസില്‍ പത്താം പ്രതിയായാണ് കേസ് ചാര്‍ജ് ചെയ്തത്.

Top