സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഞായറാഴ്ചയും ആക്രമണം നടത്തി. ജനവാസ മേഖലകളില്‍ ആക്രമണം നടത്തുന്നതിനായി സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാ വിമാനമാണ് യെമനില്‍ നിന്ന് അയച്ചത്.

എന്നാല്‍ ഇത് ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് മുമ്പ് കണ്ടെത്തിയ അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നുവെന്ന് സൗദി അറേബ്യയിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ സാധാരണ ജനങ്ങളെ ലക്ഷ്യംവെച്ചുള്ള ഇത്തരം ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് തുടരുമെന്നും അറബ് സഖ്യസേന അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും സൗദി അറേബ്യയിലെ ജിസാനില്‍ ഹൂതികളുടെ വ്യോമാക്രമണമുണ്ടായിരുന്നു. ദക്ഷിണ ജിസാനില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തെങ്കിലും ഇതിന്റെ അവശിഷ്ടങ്ങള്‍ പതിച്ച് വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.

തകര്‍ന്ന് വീണ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് അഹദ് മസാരിഹയിലെ വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായത്. എന്നാല്‍ ആര്‍ക്കും പരിക്കോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ചയാണ് ഡ്രോണ്‍ ആക്രമണമുണ്ടായതെന്ന് ജിസാന്‍ സിവില്‍ ഡിഫന്‍സ് വക്താവ് ലഫ്. ജനറല്‍ മുഹമ്മദ് അല്‍ഗാംദി പറഞ്ഞു.

 

Top