ഗംഗാനദിയില്‍ വീണ്ടും മൃതദേഹങ്ങള്‍, 40 എണ്ണം സംസ്‌ക്കരിച്ചു

ലഖ്നൗ: ജലനിരപ്പ് ഉയരുകയും മണല്‍തിട്ടകള്‍ തകരുകയും ചെയ്തതോടെ പ്രയാഗ് രാജില്‍ വീണ്ടും ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന നിലയില്‍. 24 മണിക്കൂറിനുള്ളില്‍ ഇത്തരത്തില്‍ ഒഴുകിയെത്തിയ 40 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. കോവിഡ് രോഗികളുടേതെന്ന് സംശയിക്കുന്ന മൃതദേഹങ്ങളടക്കമാണ് ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

നദീതീരത്ത് കുടുങ്ങിയ മൃതദേഹം കൈയുറ ധരിച്ച പ്രവര്‍ത്തകര്‍ പുറത്തെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. വായില്‍ ടൂബ് ഘടിപ്പിച്ച നിലയിലുള്ള ഒരു മൃതദേഹവും കണ്ടെത്തിയിരുന്നു. പ്രയാഗ് രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി പ്രയാഗ് രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ സോണല്‍ ഓഫീസര്‍ നിരാജ് കുമാര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ മൃതദേഹങ്ങളും സംസ്‌കരിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

Top