തിരുവനന്തപുരം:നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ അന്വേഷണം വീണ്ടും പുതിയ വഴിത്തിരിവുകളിലേക്ക്. പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് പണമൊഴുകുന്നതായി പൊലീസ് കണ്ടെത്തി. വിവാദങ്ങളും വെളിപ്പെടുത്തലുകളും കത്തിനില്‍ക്കെയാണ് പണവും ഒഴുകുന്നതെന്നതും ശ്രദ്ധേയമാണ്. സുനിയുടെ അമ്മ ശോഭനയുടെ അക്കൗണ്ടിലേക്കാണ് അജ്ഞാതന്‍ പണം നിക്ഷേപിക്കുന്നത്.
ഒരാഴ്ചയ്ക്കിടെ 45000 രൂപയാണ് ശോഭനയുടെ അക്കൗണ്ടിലെത്തിയത്. പെരുമ്പാവൂരിലെ യൂണിയന് ബാങ്ക് അക്കൗണ്ടിലാണ് നാല്പത്തിഅയ്യായിരം രൂപയെത്തിയത്. ആരാണ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതെന്ന് അറിയില്ലെന്നാണ് ശോഭന പറയുന്നത്.
കേസന്വേഷണത്തില്‍ ഇത് നിര്‍ണായകമാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. ഇതിനിടെ പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ എവിടെനിന്നാണ് പണമെത്തിയതെന്ന് കണ്ടുപിടിക്കാന്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. കേസില്‍ ഇത് വഴിത്തിരിവാകുമെന്നാണ് പൊലീസ് പറയുന്നത്.