ജൂലൈ 18 മുതല്‍ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം

ഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ആരംഭിക്കും. ലോക്‌സഭയും രാജ്യസഭയും ജൂലൈ 18 മുതല്‍ യോഗം ചേരും.

വര്‍ഷകാല സമ്മേളനം ഓഗസ്‌റ്റ് 12ന് അവസാനിക്കുമെന്നും ലോക്‌സഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. 18 സിറ്റിങ്ങുകള്‍ ഉണ്ടാകും. നിലവിലുള്ള പാര്‍ലമെന്റ് മന്ദിരത്തിലെ അവസാന സമ്മേളനമാകാനും സാധ്യതയുണ്ട്.

2022 ലെ ശീതകാല സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്നേക്കാമെന്ന് ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ള സൂചന നല്‍കിയിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഈ വര്‍ഷത്തെ മണ്‍സൂണ്‍ സമ്മേളനം പ്രത്യേകതകള്‍ നിറഞ്ഞതാണ്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് പുറമെ ഉപരാഷ്‌ട്രപതി സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും ഈ സമ്മേളനത്തില്‍ നടക്കും.

രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്‌ട്രപതിയുടെ കാലാവധി ഓഗസ്‌റ്റ് 10ന് അവസാനിക്കുന്ന പശ്‌ചാത്തലത്തിലാണിത്. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂലൈ 21ന് നടക്കും. ജൂലൈ 25ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ പുതിയ രാഷ്‌ട്രപതിയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപരാഷ്‌ട്രപതി സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 6ന് നടക്കും. ഓഗസ്‌റ്റ് 11ന് സ്‌ഥാനമേല്‍ക്കും.

Top