വാര്‍ഷികപ്പരീക്ഷയ്ക്ക് അനുമതി തേടി കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകള്‍

കുവൈറ്റ് സിറ്റി: മെയ് മാസത്തില്‍ നടക്കേണ്ട വാര്‍ഷിക പരീക്ഷ വിദ്യാര്‍ഥികള്‍ നേരിട്ട് സ്‌കൂളില്‍ വന്ന് എഴുതുന്ന രീതിയില്‍ നടത്താന്‍ അനുമതി തേടി കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ അധികൃതരെ സമീപിച്ചു. പ്രാദേശിക ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചില അമേരിക്കന്‍, ബ്രിട്ടീഷ് സ്‌കൂളുകളെ പോലെ ഇരുപതോളം ഇന്ത്യന്‍ സ്‌കൂളുകളും അന്താരാഷ്ട്ര തലത്തിലുള്ള സമിതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ പരീക്ഷ നടത്തല്‍ അനിവാര്യമണെന്നാണ് മാനേജ്‌മെന്റിന്റെ ആവശ്യം.

അടുത്ത ക്ലാസ്സിലേക്ക് കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെങ്കില്‍ കൃത്യമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സാധ്യമാവൂ എന്നും പരീക്ഷ നടത്തിയില്ലെങ്കില്‍ ക്ലാസ് കയറ്റം നല്‍കാന്‍ സാധിക്കാതെ വരുമെന്നും അപേക്ഷയില്‍ പറയുന്നു. നിലവില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നേരിട്ടുള്ള എല്ലാ പരീക്ഷകള്‍ക്കും കുവൈറ്റ് ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സ്‌കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയത്തെ അനുമതിക്കായി സമീപിച്ചിരിക്കുന്നത്.

ഇക്കാര്യം ഇന്ത്യന്‍ എംബസിയും അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അനുമതി ലഭിക്കാത്ത പക്ഷം അവര്‍ക്ക് ഇന്ത്യയില്‍ പോയി പരീക്ഷ എഴുതേണ്ട സാഹചര്യമുണ്ടാകുമെന്നാണ് എംബസി അറിയിച്ചിരിക്കുന്നത്. ഇരുപതോളം ഇന്ത്യന്‍ സ്‌കൂളുകളിലായി 8000ത്തോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

 

Top