ഫോട്ടോ എടുത്ത് പ്രകോപിപ്പിച്ചത് നടി, ഐ.ഡിയില്ലാതെ സിംകാർഡ് വേണമെന്ന് !

കൊച്ചി: നടി അന്നാരാജനെ ടെലികോം ഓഫീസില്‍ പൂട്ടിയിട്ട സംഭവത്തില്‍ അറിഞ്ഞതല്ല യാഥാര്‍ത്ഥ്യം. പ്രശ്‌നത്തിന് കാരണക്കാരി തന്നെ നടി അന്നാരാജനാണ് എന്നാണ് ലഭിക്കുന്ന വിവരം.

വ്യാഴാഴ്ച (ഒക്ടോബര്‍ 6 ന് ) വൈകുന്നേരം 4:45 ന് ആലുവയിലെ വൊഡാഫോണ്‍ ഓഫീസില്‍ പുതിയ സിം കാര്‍ഡ് എടുക്കാനാണ് നടി അന്ന രാജന്‍ എത്തിയിരുന്നത്. ഐ.ഡി. കാര്‍ഡില്ലാതെ സിം കാര്‍ഡ് നല്‍കാന്‍ സാധിക്കില്ലന്ന നിലപാട് ടെലികോം ഓഫീസിലെ മാനേജര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ സ്വീകരിച്ചതോടെ, നടി പൊട്ടിത്തെറിക്കുകയാണ് ഉണ്ടായതത്രെ. തുടര്‍ന്ന് വൊഡാഫോണ്‍ ഓഫീസിലെ ജീവനക്കാരുടെ ഫോട്ടോ അന്ന രാജന്‍ തന്റെ മൊബൈലില്‍ പകര്‍ത്തുകയുമുണ്ടായി. ഇതിനെ ഓഫീസിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ ചോദ്യം ചെയ്യുകയും, നടി ഫോട്ടോ ഡിലിറ്റ് ചെയ്യാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് തടഞ്ഞു വയ്ക്കുകയുമാണ് ഉണ്ടായത്. ഇതിനിടെ അന്ന രാജന്‍ കൗണ്‍സിലറെയും പൊലീസിനെയും ഫോണില്‍ വിളിച്ച് വിവരം അറിയിച്ചിരുന്നു. വാര്‍ഡ് കൗണ്‍സിലറും പൊലീസും സംഭവ സ്ഥലത്ത് എത്തിയാണ് ഷട്ടര്‍ ഉയര്‍ത്തി അന്ന രാജനെ തുറന്നുവിട്ടത്. ഇതിന് ശേഷമാണ് താരം ആലുവ പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കിയിരുന്നത്.

തൊട്ടു പിന്നാലെ ടെലികോം അധികൃതരും പൊലീസില്‍ പ്രത്യേകം പരാതി നല്‍കുകയുണ്ടായി. അന്ന പരാതിയുമായി മുന്നോട്ട് പോയാല്‍, പൊലീസിന് രണ്ട് കേസ് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടാവുമായിരുന്നു , കാരണം, വൊഡാഫോണ്‍ ഓഫീസിലെ ജീവനക്കാര്‍ പറഞ്ഞത് നിയമമാണ്, ഐ.ഡി. പ്രൂഫില്ലാതെ ഒരാള്‍ക്കും സിം കാര്‍ഡ് നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല. പിന്നെ അനുമതിയില്ലാതെ മറ്റൊരാളുടെ ഫോട്ടോ എടുക്കുന്നതും നിയമപരമായി തെറ്റാണ്.ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങള്‍ ഉള്‍പ്പെടെ ഹാജരാക്കിയാല്‍ , അന്ന രാജനും പ്രതിയാകേണ്ട സാഹചര്യമാണ് ഉണ്ടാകുമായിരുന്നത്.വൊഡാഫോണ്‍ അധികൃതര്‍ താരത്തെ പൂട്ടിയിട്ടത് തെറ്റാണെങ്കിലും, അതിലേക്ക് നയിച്ച സാഹചര്യങ്ങളും കാണാതിരിക്കാനാവില്ല. അന്നരാജനു വേണ്ടി സ്ഥലത്തെത്തിയ കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ് സംഭവം മാധ്യമങ്ങളില്‍ അറിയിച്ച് വാര്‍ത്തയും ആക്കിയിരിക്കുന്നത്.

 

Top