തമിഴക ഭരണകൂടത്തെ പ്രതിസന്ധിയിലാക്കാൻ ബി.ജെ.പി, ആരോപണങ്ങൾക്ക് പിന്നാലെ കേന്ദ്ര ഏജൻസികളും ലാൻഡ് ചെയ്യും !

മോദി സർക്കാറിന്റെ കണ്ണിലെ കരടായ സംസ്ഥാന ഭരണകൂടങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചു വരുന്നത്. ഡൽഹിയിൽ ഉപമുഖ്യമന്ത്രി തന്നെ അകത്താകുന്ന അവസ്ഥയുണ്ടായി. തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെ കേന്ദ്ര ഏജൻസികളുടെ അറസ്റ്റ് ഭയന്നാണ് കഴിയുന്നത്. ബംഗാളിലെ മമത സർക്കാറിനെതിരെയും നിലപാട് കടുപ്പിച്ചാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നത്. കേരളത്തിലെ ഇടതുപക്ഷ സർക്കാറിനെ പ്രതിരോധത്തിലാക്കാൻ സ്വർണ്ണക്കടത്തു കേസ് പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയും വലിയ ചരടുവലികളാണ് നടക്കുന്നത്. ഏറ്റവും ഒടുവിൽ ഇപ്പോൾ തമിഴ്നാട് ഭരണകൂടത്തെയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കുടുംബാംഗങ്ങൾക്കെതിരെ ഗുരുതര ആരോപണമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മുൻ ഐ.പി.എസ് ഓഫീസറുമായ അണ്ണാമലൈ ഉന്നയിച്ചിരിക്കുന്നത്.

എം.കെ. സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും സ്റ്റാലിന്റെ മരുമകൻ ശബരീശനും കഴിഞ്ഞ വർഷം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചെന്നതാണ് അണ്ണാമലൈയുടെ പ്രധാന ആരോപണം. ധനമന്ത്രി പളനിവേൽ ത്യാഗരാജൻ ഇത് സംബന്ധിച്ച് പറയുന്നതെന്ന് അവകാശപ്പെടുന്ന സംഭാഷണത്തിന്റെ ഓഡിയോയും അണ്ണാമലൈ പുറത്തുവിടുകയുണ്ടായി. ധനമന്ത്രിയും ഒരു മാധ്യമപ്രവർത്തകനും തമ്മിലുള്ള സംഭാഷണമാണ് ഇതെന്നതാണ് അദ്ദേഹത്തിന്റെ വാദം. ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള സിനിമ നിർമാണ കമ്പനിയായ റെഡ് ജയന്റ് മൂവീസിൽ പണം മുടക്കിയവരുടെ വിവരങ്ങൾ പുറത്തുവിടണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടിട്ടുണ്ട്. തമിഴക രാഷ്ട്രീയ – സിനിമാ മേഖലകളെ ഞെട്ടിച്ച ഈ ആരോപണത്തിനെതിരെ ശക്തമായ നിയമ നടപടിയുമായാണ് ഡി.എം.കെയും മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി തനിക്കെതിരായ അഴിമതി ആരോപണങ്ങൾ 48 മണിക്കൂറിനകം പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും 50 കോടി നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി തമിഴ്നാട് അധ്യക്ഷനെതിരെ സ്​പോർട്സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിൻ ഇതിനകം തന്നെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.

‘ഡി.എം.കെ ഫയൽസ്’ എന്ന പേരിൽ അണ്ണാമലൈ പുറത്തുവിട്ട സകല ആരോപണങ്ങൾക്കും എതിരെയാണ് ഈ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഓരോ ദേശീയ – പ്രാദേശിക പത്രങ്ങളിലും എല്ലാ ദേശീയ-പ്രാദേശിക ടെലിവിഷൻ ചാനലുകളിലും ഇതിനു പുറമെ സമൂഹ മാധ്യമങ്ങളിലും അണ്ണാമലൈയുടെ മാപ്പ് പ്രസിദ്ധപ്പെടുത്തണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി അദ്ധ്യക്ഷന്റെ ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ തന്നെയാണ് ഉദയനിധി സ്റ്റാലിന്റെ തീരുമാനം. തമിഴ് നാട്ടിലെ ഡി.എം.കെ സർക്കാറിനെ അസ്ഥിരപ്പെടുത്താനാണ് ഇത്തരം ആരോപണങ്ങളുമായി അണ്ണാമലൈ രംഗത്ത് വരുന്നതെന്നാണ് ഭരണപക്ഷം സംശയിക്കുന്നത്. അണ്ണാമലൈയുടെ ആരോപണത്തിനു പിന്നാലെ ഉദയനിധി ഉൾപ്പെടെയുള്ളവർക്കെതിരെ കേന്ദ അന്വേഷണ ഏജൻസികളുടെ രംഗപ്രവേശനത്തിനുള്ള സാധ്യതയും തമിഴ്നാട് ഭരണകൂടം മുന്നിൽ കാണുന്നുണ്ട്.

അതേസമയം, ഗുരുതര ആരോപണങ്ങൾ ഉയർത്തിയതിനു പിന്നാലെ എം.കെ സ്റ്റാലിന്റെ മകനും മരുമകനുമെതിരെ കേന്ദ്ര അന്വേഷണത്തിനുള്ള സമ്മർദ്ദം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് സിനിമാ മേഖല ഏതാണ്ട് പൂർണ്ണമായും ഉദയനിധിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ കൈകളിലായത് എങ്ങനെ എന്ന് അന്വേഷിച്ചാൽ ഞെട്ടിക്കുന്ന കഥകൾ പുറത്തു വരുമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പ്രതിരോധത്തിലാക്കാൻ ഇതിനേക്കാൾ വലിയ ആയുധം കിട്ടാനില്ലന്നാണ് അണ്ണാമലൈ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കർണ്ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ ആവശ്യത്തിൻ മേൽ കേന്ദ്ര ഇടപെടൽ ഉണ്ടാവാനാണ് സാധ്യത.

39 ലോസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്ന സംസ്ഥാനമാണ് തമിഴ് നാട്. ഇടതുപക്ഷത്തെ പോലെ തന്നെ മോദി സർക്കാറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഭരണകൂടമാണ് തമിഴകം ഇപ്പോൾ ഭരിക്കുന്നത്. ഈ അവസ്ഥയിൽ തിരഞ്ഞെടുപ്പ് നടന്നാൽ ബി.ജെ.പി – അണ്ണാ ഡി.എം.കെ മുന്നണിക്ക് 5 സീറ്റുകൾ പോലും കിട്ടാൻ സാധ്യതയില്ല. മികച്ച ഭരണമായതിനാൽ 39 സീറ്റുകളും ഡി.എം.കെ സഖ്യം തൂത്തുവാരുമെന്ന ഭയമാണ് ബി.ജെ.പി നേതൃത്വത്തിനുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ അണ്ണാ ഡി.എം.കെ, ഇപ്പോൾ സംഘടനയിലെ പിളർപ്പിനെ തുടർന്ന് ആകെ തകർന്ന അവസ്ഥയിലാണ് ഉള്ളത്. ഇനിയും അണ്ണാ ഡി.എം.കെയുടെ ഒപ്പം മുന്നണിയിൽ തുടരുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് വിലയിരുത്തുന്ന ബി.ജെ.പി ശക്തമായ ഒരു ബദലാണ് തമിഴകത്ത് നിലവിൽ തേടുന്നത്.

ഇതിനായി ഭിന്നതകൾ മറന്ന് സൂപ്പർതാരം ദളപതി വിജയ് ഉൾപ്പെടെയുള്ളവരെയും അവർ സമീപിച്ചിട്ടുണ്ട്. വിജയ് പുതിയ പാർട്ടി ഉണ്ടാക്കി എൻ.ഡി.എയുമായി സഹകരിച്ചാൽ തമിഴകം തൂത്തുവാരാമെന്നതാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തൽ. ദളപതിയെ സ്വാധീനിക്കാൻ രാഷ്ട്രീയ കരുനീക്കങ്ങളുമായി ബി.ജെ.പി ദേശിയ നേതൃത്വം തന്നെ രംഗത്തുണ്ടെങ്കിലും താരം ഇതുവരെ മനസ്സു തുറന്നിട്ടില്ല. വിജയ് നായകനായ “വാരിസ്” സിനിമയുട റിലീസുമായി ബന്ധപ്പെട്ട് ഉദയനിധിയുമായുള്ള ദളപതിയുടെ ബന്ധം വഷളായെന്ന പ്രചരണം ശക്തമായിരിക്കെ തന്നെയാണ് ഉദയനിധിക്കെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും രംഗത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയവും സിനിമയും ഇടകലർന്ന തമിഴ് മണ്ണിൽ ഇനി എന്താണ് സംഭവിക്കുക എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്…

EXPRESS KERALA VIEW

Top