മത്സരിക്കാന്‍ രജനികാന്തും ചിമ്പുവും; ‘അണ്ണാത്ത’യും ‘മാനാടും’ ഒരേ ദിവസം തിയേറ്ററുകളില്‍

ലൈവയുടെ പുത്തന്‍ ചിത്രം ‘അണ്ണാത്ത’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷന്‍ പോസ്റ്ററും വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. 2021ലെ ദീപാവലി റിലീസായി തമിഴ് ചിത്രം നവംബര്‍ നാലിന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രഖ്യാപനം.

എന്നാല്‍, സ്‌റ്റൈല്‍ മന്നന്റെ ചിത്രത്തിനൊപ്പം തിയേറ്ററിലേക്ക് മറ്റൊരു ചിത്രം കൂടി റിലീസിന് എത്തുന്നുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. സിലമ്പരസന്‍ നായകനാകുന്ന മാനാട് എന്ന പൊളിറ്റിക്കല്‍ ത്രില്ലറും നവംബര്‍ നാലിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

2018ലായിരുന്നു ചിമ്പുവും സംവിധായകന്‍ വെങ്കട് പ്രഭുവും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം. നായകനും നിര്‍മാതാവ് സുരേഷ് കാമാക്ഷിക്കും ഇടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ സിനിമ നീണ്ടുപോകാന്‍ കാരണമായി.

മലയാളിതാരം കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ചിത്രത്തില്‍ ചിമ്പുവിന്റെ കഥാപാത്രത്തിന്റെ പേര് അബ്ദുള്‍ ഖാലിഖ് എന്നാണ്. പ്രശസ്ത സംഗീതജ്ഞന്‍ യുവന്‍ ശങ്കര്‍ രാജയാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.

അതേസമയം, രജനി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അണ്ണാത്ത സംവിധാനം ചെയ്യുന്നത് സിരുത്തൈ ശിവയാണ്. ചിത്രത്തില്‍ നയന്‍താര രജനികാന്തിന്റെ നായികയാകുന്നു. സണ്‍ പിക്‌ചേഴ്സും കലാനിധി മാരനും ചേര്‍ന്നാണ് നിര്‍മാണം.

 

Top