Anna DMK-Idukki-district-committee-against-Tamilnadu-government

ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ അണ്ണാഡിഎംകെ ഇടുക്കി ജില്ലാ കമ്മിറ്റി. ചട്ടങ്ങള്‍ ലംഘിച്ചാണ് അണക്കെട്ടിലെ സ്പില്‍വേ ഷട്ടര്‍ ഉയര്‍ത്തിയതെങ്കില്‍ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ക്കതിരെ നടപടി സ്വീകരിക്കണമെന്നാവശ്യം. കള്ള പ്രചരണങ്ങളിലൂടെ അണ്ണാഡിഎംകെയെ തകര്‍ക്കാന്‍ ഇടതു -വലതു മുന്നണികളും പൊലീസും സംയുക്ത ശ്രമം നടത്തുന്നതായും ആരോപണമുന്നയിച്ചു.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ത്തി പുരട്ച്ചി തലൈവി ജയലളിത തമിഴ്‌നാട്ടില്‍ കയ്യടി നേടുമ്പോളാണ് അണ്ണാഡിഎംകെ ഇടുക്കി ജില്ലാ കമ്മിറ്റി തമിഴ്‌നാട് സര്‍ക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടി പിന്നിട്ടപ്പോള്‍ സ്പില്‍വെ ഷട്ടറുകള്‍ ഉയര്‍ത്തിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെങ്കില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ നടപടിസ്വീകരിക്കണമെന്നാണ് ആവശ്യം. തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടോ എന്നും സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണം.

അണക്കെട്ട് ഉയര്‍ത്തുന്ന ഭീതി പരിഹരിക്കാന്‍ ഇരു സംസ്ഥാനങ്ങളും സാഹചര്യം സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട നേതാക്കള്‍ ഇടത് -വലത് മുന്നണികള്‍ക്കെതിരെയും രംഗത്തുവന്നു. തോട്ടം മേഖലയില്‍ അണ്ണാഡിഎംകെ ശക്തിപ്രാപിച്ചതാണ് ഇരുമുന്നണികളെയും ചൊടിപ്പിച്ചതെന്നാണ് ആരോപണം. പണവും സമ്മാനങ്ങളും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്ന് പൊലീസിന്റെ കണ്ടെത്തലുകളും നേതാക്കള്‍ തള്ളി.

മൂന്നാറിലെ സ്ത്രീകൂട്ടായ്മയായ പെമ്പിളൈ ഒരുമൈയുമായി സഹകരിക്കാനില്ലെന്ന് അറിയിച്ച നേതാക്കള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നും അറിയിച്ചു.

Top