ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ. ഒരു ദേശീയ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ല: എടപ്പാടി പളനിസ്വാമി

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ. ഒരു ദേശീയ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്ന് ജനറല്‍സെക്രട്ടറി എടപ്പാടി പളനിസ്വാമി. തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷനായി കെ. സെല്‍വപെരുന്തഗൈയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയമിച്ച പശ്ചാത്തലത്തിലാണ് പളനിസ്വാമിയുടെ പരാമര്‍ശം.സെല്‍വപെരുന്തഗൈ സ്ഥാനമേറ്റതോടെ കൂടുതല്‍ ദളിത് വോട്ടുകള്‍ കോണ്‍ഗ്രസിനു ലഭിക്കുമെന്നും അതിനാല്‍ അണ്ണാ ഡി.എം.കെ. കോണ്‍ഗ്രസിനെ ഒപ്പംചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും കിംവദന്തികളുണ്ടായിരുന്നു.

എന്നാല്‍ അനാവശ്യമായ സഖ്യം പാര്‍ട്ടിയെ സാരമായി ബാധിക്കുമെന്ന് പളനിസ്വാമി വ്യക്തമാക്കി. നേരത്തേ ബി.ജെ.പി.യുമായുള്ള സഖ്യം അണ്ണാ ഡി.എം.കെ.ക്ക് ഒരുപാട് ദോഷം ചെയ്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ പളനിസ്വാമി ഇനിയൊരിക്കലും ബന്ധം കൂട്ടിച്ചേര്‍ക്കാന്‍ ഒരുക്കമല്ലെന്നും ആവര്‍ത്തിച്ചു.

കഴിഞ്ഞവര്‍ഷം അണ്ണാ ഡി.എം.കെ., എന്‍.ഡി.എ. വിട്ടതോടെ ഒട്ടേറെ ന്യൂനപക്ഷ സമുദായനേതാക്കള്‍ പാര്‍ട്ടിയിലെത്തിയിട്ടുണ്ട്. മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കൊപ്പമെന്നും നിലകൊള്ളുന്നത് അണ്ണാ ഡി.എം.കെ. മാത്രമാണെന്നും ഇക്കാര്യത്തില്‍ ഡി.എം.കെ.യുടെ നിലപാട് ഇരട്ടത്താപ്പാണെന്നും പളനിസ്വാമി ആരോപിച്ചു.

Top