പനീര്‍ശെല്‍വത്തെ അണ്ണാ ഡിഎംകെയിൽ നിന്ന് പുറത്താക്കി

ചെന്നൈ: അണ്ണാ ഡിഎംകെയിലെ അധികാരത്തര്‍ക്കം ചേരിതിരിഞ്ഞ ഏറ്റുമുട്ടലില്‍ കലാശിച്ചതിന് പിന്നാലെ പാര്‍ട്ടി പിടിച്ചെടുത്ത് പളനിസ്വാമി പക്ഷം. പാര്‍ട്ടിയുടെ നിയന്ത്രണത്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടെ മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെ അണ്ണാ ഡിഎംകെ പുറത്താക്കി. ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രത്യേക പ്രമേയത്തിലൂടെയാണ്‌ പനീര്‍ശെല്‍വത്തെ പുറത്താക്കിയ നടപടി. പനീര്‍ശെല്‍വത്തെ പിന്തുണക്കുന്നവരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്‌.

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് പുറത്താക്കല്‍. 2500 പേര്‍ വരുന്ന ജനറല്‍ കൗണ്‍സില്‍ പാര്‍ട്ടിയില്‍ തുടര്‍ന്നുവന്ന ഇരട്ട നേതൃത്വം തള്ളി ഇപിഎസ്സിനെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ പാര്‍ട്ടി കോഡിനേറ്ററായി പനീര്‍ശെല്‍വവും ജോയന്റ് കോര്‍ഡിനേറ്ററായി പളനിസ്വാമിയും തുടര്‍ന്നുവരുകയായിരുന്നു. പളനിസ്വാമി പക്ഷം വിളിച്ച യോഗം സ്റ്റേ ചെയ്യണമെന്ന പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി കോടതി അംഗീകരിച്ചിരുന്നില്ല.

നാല് മാസത്തിനുള്ളില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കാനും തീരുമാനിച്ചു. യോഗം തുടങ്ങിയതുതന്നെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയോടെയായിരുന്നു. ചേരിതിരിഞ്ഞ് നടന്ന ഏറ്റുമുട്ടലില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

Top