തമിഴ് വോട്ടുകള്‍ ലക്ഷ്യമിട്ട് അവര്‍ ! ! ഇടുക്കിയില്‍ ദ്രാവിഡ പാര്‍ട്ടി രംഗത്ത്

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സജീവമായി ഇടപെട്ട് തമിഴ് നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. ഡി.എം.കെ മനസാക്ഷി വോട്ടിനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തമിഴകത്തെ ഡി.എം.കെ മുന്നണിയില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഉള്‍പ്പെട്ടതാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ പ്രധാന കാരണം. എന്നാല്‍ അണ്ണാ ഡി.എം.കെ തികച്ചും വ്യത്യസ്തമായ നിലപാടാണ് ഇത്തവണയും സ്വീകരിച്ചിരിക്കുന്നത്. ഒറ്റക്ക് മത്സരിച്ച് കരുത്ത് കാട്ടാനാണ് അണ്ണാ ഡി.എം.കെയുടെ നീക്കം. തമിഴ് വംശജര്‍ കൂടുതലുള്ള ഇടുക്കി ജില്ലയില്‍ തോട്ടം മേഖലയില്‍ ആധിപത്യമുറപ്പിക്കാനാണ് ശ്രമം. ദേവികുളം, പീരുമേട് മണ്ഡലങ്ങളിലെ ത്രിതല പഞ്ചായത്തുകളിലാണ് പാര്‍ട്ടി മത്സര രംഗത്തുള്ളത്.

ദേവികുളം, പീരുമേട് മണ്ഡലങ്ങളിലായി ത്രിതല പഞ്ചായത്തിലേയ്ക്ക് 66 പേരാണ് മത്സരിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ദേവികുളം മണ്ഡലത്തിലാണുള്ളത്. തോട്ടം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ സ്വാധീനമുറപ്പിക്കാന്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന അണ്ണാ ഡി.എം.കെ, ഇത്തവണ തെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് കാഴ്ചവച്ചിരിക്കുന്നത്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്നാറില്‍ മത്സരിച്ച മൂന്ന് വാര്‍ഡുകളില്‍ രണ്ട് വാര്‍ഡുകളിലും വിജയിച്ചതാണ് അണ്ണാ ഡി.എം.കെയുടെ ആത്മവിശ്വാസത്തിന് കാരണം.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പീരുമേട്, ദേവികുളം, ഉടുമ്പന്‍ചോല നിയോജക മണ്ഡലങ്ങളിലും അണ്ണാ ഡി.എം.കെ മത്സരിച്ചിരുന്നു. ഇതില്‍ ദേവികുള നിയോജക മണ്ഡലത്തില്‍ മാത്രം 11,800 വോട്ടുകള്‍ നേടാനും കഴിഞ്ഞിരുന്നു. പാര്‍ട്ടിക്ക് സ്വാധീനമുറപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ള മൂന്നാര്‍, ദേവികുളം, മറയൂര്‍ അടക്കമുള്ള പഞ്ചായത്തുകളില്‍ അമ്പത്തിരണ്ട് വാര്‍ഡുകളിലും ഏഴ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനിലുമാണ് അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ മത്സരിക്കുന്നത്.

പീരുമേട് താലൂക്കില്‍ ആറ് വാര്‍ഡുകളിലും അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. മൂന്നാര്‍ പഞ്ചായത്താണ് പ്രധാന ടാര്‍ഗറ്റ്. നിയമസഭ തിരഞ്ഞെടുപ്പിലേക്ക് തമിഴകവും പോകുന്ന സാഹചര്യത്തില്‍ കേരളത്തിലെ ചെറിയ വിജയം പോലും പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നാണ് അണ്ണാ ഡി.എം.കെ കേന്ദ്ര നേതൃത്വം കരുതുന്നത്. അതുകൊണ്ട് തന്നെ വലിയ സഹായമാണ് തമിഴകത്ത് നിന്നും പ്രചരണത്തിനായി ലഭിച്ചിരിക്കുന്നത്.

ആവശ്യമായ സഹായം നല്‍കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി തന്നെ പാര്‍ട്ടി തമിഴ്‌നാട് ഘടകത്തോട് നിര്‍ദ്ദേശിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം അണ്ണാ ഡി.എം.കെയുടെ സാന്നിധ്യം യു.ഡി.എഫിനാണ് പ്രഹരമാകുക എന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നത് തങ്ങള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുമെന്നാണ് ഇടത് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

Top