പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്, മിസ് യൂ അച്ഛാ: ഓര്‍മകള്‍ പങ്കുവച്ച് മകള്‍ ആന്‍ അഗസ്റ്റിന്‍

ടന്‍ അഗസ്റ്റിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടിയും മകളുമായ ആന്‍ അഗസ്റ്റിന്‍. ഇന്‍സ്റ്റഗ്രാമില്‍ അഗസ്റ്റിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ആനിന്റെ ഹൃദയസ്പര്‍ശിയായ ഈ കുറിപ്പ്.

‘പലപ്പോഴും അച്ഛനെ ഞാന്‍ ഉറക്കെ വിളിക്കാറുണ്ട്, അച്ഛന്‍ ആ വിളിക്ക് മറുപടി നല്‍കിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കും, അച്ഛന് അതിന് സാധിക്കില്ലെങ്കിലും. എനിക്കറിയാം അച്ഛന്‍ തിരിച്ച് വരാനാവില്ലെന്ന്, പക്ഷേ അങ്ങനെ വന്നിരുന്നെങ്കിലെന്ന് ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. അച്ഛനായിരുന്നു ഞങ്ങളുടെ സുരക്ഷിതത്വം ഞങ്ങളുടെ കരുത്ത്. ജീവിതം ആസ്വദിക്കാനും, ആഘോഷിക്കാനും, പരാജയങ്ങളെ നേരിടാനും, വേദനയിലും കരുത്ത് കണ്ടെത്താനും അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചു. ചെറുപ്പം മുതലേ അച്ഛന് സിനിമയോടും അഭിനയത്തോടുമുള്ള അഭിനിവേശം കാണാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. കുറച്ചേ എനിക്ക് ചെയ്യാനായുള്ളൂ എങ്കിലും അതില്‍ അച്ഛന് അഭിമാനിക്കാനായെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. മിസ് യൂ അച്ഛാ…അച്ഛനെ വിളിക്കുന്നതും ഞാന്‍ മിസ് ചെയ്യുന്നു’ ….ആന്‍ കുറിച്ചു.

2009 ല്‍ സ്‌ട്രോക്ക് വന്നത് മൂലമാണ് അഗസ്റ്റിന്‍ സിനിമയില്‍ നിന്ന് വിട്ട് നിന്നത്. പിന്നീട് 2013 ല്‍ കിഡ്‌നി തകരാറായതിനെ തുടര്‍ന്ന് അഗസ്റ്റിന്‍ മരിക്കുകയായിരുന്നു. റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തില്‍ അച്ഛനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ആനിന് ലഭിച്ചിരുന്നു കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി എന്ന മമ്മൂട്ടി ചിത്രത്തിലാണ് അഗസ്റ്റിന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

Top