Ankur Panwar sentenced to death in Preeti Rathi acid attack and murder case

മുംബൈ: മുംബൈയില്‍ ആസിഡ് ആക്രമണം നടത്തി നഴ്‌സിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അന്‍കൂര്‍ പവാറിന് വധശിക്ഷ.

പ്രത്യേക വനിതാ കോടതി വധശിക്ഷ വിധിച്ചത്. ഐ.പി.സി 302 കൊലപാതകം, 326ബി ആസിഡാക്രമണം എന്നീ കുറ്റങ്ങളിലാണ് സ്‌പെഷ്യല്‍ ജഡ്ജി അഞ്ജു ഷിന്‍ഡെ ശിക്ഷ വിധിച്ചത്. 2013 മേയ് രണ്ടിന് 23കാരിയായ പ്രീതി രതിയാണ് ആസിഡാക്രമണത്തില്‍ ഗുരുതര പൊള്ളലേറ്റ് മരണപ്പെട്ടത്.

നാവികസേനയുടെ ഐ.എന്‍.എച്ച്.എസ് അശ്വനി ആശുപത്രിയിലെ നഴ്‌സായിരുന്ന പ്രീതി രാത്രി ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി അച്ഛന്‍, അമ്മാവന്‍, അമ്മായി എന്നിവരോടൊപ്പം പോകുമ്പോഴായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ 24കാരനായ അന്‍കൂര്‍ പവാര്‍ പ്രീതിയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ പ്രീതി ചികിത്സയിലിരിക്കെ ഒരു മാസത്തിന് ശേഷം ജൂണ്‍ ഒന്നിന് മരിച്ചു.

ഡല്‍ഹി നരേലയില്‍ പ്രീതിയുടെ അയല്‍വാസിയായിരുന്നു അന്‍കൂര്‍ പവാര്‍. പ്രതിയുടെ വിവാഹ വാഗ്ദാനം പ്രീതി നിരസിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആസിഡാക്രമത്തില്‍ കലാശിച്ചത്. സംഭവ ദിവസം ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ പ്രതി അച്ഛനോടൊപ്പം പോവുകയായിരുന്നു പ്രീതിക്ക് നേരെ ആസിഡാക്രമണം നടത്തുകയായിരുന്നു. കൃത്യം നടത്തിയതിന് ശേഷം ഡല്‍ഹിയിലേക്ക് തന്നെ അന്‍കൂര്‍ മടങ്ങുകയും ചെയ്തു.

സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞ് 2014 ജനുവരി 17ന് ക്രൈംബ്രാഞ്ച് അന്‍കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിധി പ്രഖ്യാപനം നേരിട്ടു കേള്‍ക്കാന്‍ പ്രീതിയുടെ പിതാവ് അമര്‍ സിങ് രതി, സഹോദരന്‍ ഹിതേഷ് എന്നിവര്‍ കോടതിയില്‍ എത്തിയിരുന്നു.

Top