തുര്‍ക്കി സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ മത്സരത്തിനിടെ റഫറിയെ മര്‍ദിച്ച സംഭവം; ക്ലബ്ബ് പ്രസിഡന്റ് രാജിവെച്ചു

അങ്കാറ: തുര്‍ക്കി സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ മത്സരത്തിനിടെ റഫറിയുടെ മുഖത്ത് ഇടിച്ച അങ്കാറഗുചു ക്ലബ്ബ് പ്രസിഡന്റ് ഫാറുക് കൊച സ്ഥാനം രാജിവെച്ചു. കഴിഞ്ഞദിവസം കയ്കുര്‍ റിസെസ്‌പൊറിനെതിരായ സൂപ്പര്‍ലീഗ് മത്സരത്തിനിടെയാണ് ഫാറുക് കൊച, റഫറി ഹലില്‍ യുമുത് മെലെറിന്റെ മുഖത്ത് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റഫറി ഗ്രൗണ്ടില്‍വീണു. അങ്കാറഗുചുവിനെതിരേ റിസെസ്‌പൊര്‍ ഇഞ്ചുറിസമയത്തിന്റെ അവസാനമിനിറ്റില്‍ ഗോളടിച്ചതാണ് ഫാറുകിനെ പ്രകോപിപ്പിച്ചത്. സംഭവത്തെത്തുടര്‍ന്ന് ഫാറുകിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

പിന്നാലെ തുര്‍ക്കി ലീഗിലെ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് റദ്ദാക്കി. റഫറിയെ ആക്രമിച്ച സംഭവം തുര്‍ക്കി ഫുട്‌ബോളിന് അപമാനകരമാണെന്നും ലീഗിലെ വരാനിരിക്കുന്ന മത്സരങ്ങള്‍ മാറ്റിവെക്കുകയാണെന്നും തുര്‍ക്കി ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ മെഹ്മത് ബുയുകെക്‌സി പറഞ്ഞു.

തുടര്‍ന്ന് ആരാധകരോട് ക്ഷമചോദിച്ച് ഫാറുക് രംഗത്തെത്തി. സംഭവത്തില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫിഫ തലവന്‍ ജിയാനി ഇന്‍ഫാന്റിനോയും ഫാറൂകിന്റെ ആക്രമണത്തിനെതിരേ പ്രതികരിച്ചിരുന്നു. നേരത്തെയും തുര്‍ക്കി ഫുട്‌ബോളിനെ ഞെട്ടിച്ച സംഭവം നടന്നിട്ടുണ്ട്. 2015-ല്‍ ഫെനെര്‍ബാഷ് ടീം സഞ്ചരിച്ച ബസിനുനേരെ അക്രമി വെടിയുതിര്‍ത്തിരുന്നു. 2010-ല്‍ തോല്‍വിയില്‍ മനംനൊന്ത ഫെനെര്‍ബാഷ് ആരാധകര്‍ സ്വന്തം ഗ്രൗണ്ടില്‍ തീയിട്ടതും വലിയ വാര്‍ത്തയായി.

Top