ആലപ്പുഴയില്‍ അങ്കനവാടി വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ വീണു മരിച്ചു

drowned

ആലപ്പുഴ: വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അങ്കനവാടി വിദ്യാര്‍ഥി വെള്ളത്തില്‍ വീണുമരിച്ചു.

മാന്നാര്‍ വിഷവര്‍ശേരിക്കര കോയിക്കല്‍ കിഴക്കതില്‍ ജയകുമാര്‍-ജയശ്രീ ദമ്പതിമാരുടെ മകന്‍ അഭിനവ് (മൂന്നര) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം നാലോടെ വീടിനുസമീപം പാടത്തോട് ചേര്‍ന്ന വെള്ളക്കെട്ടിലാണ് അപകടമുണ്ടായത്. ഇരമത്തൂര്‍ ആദിത്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയായ അമ്മ ജയശ്രീ അങ്കനവാടിയില്‍ നിന്നും മകനെ കൂട്ടി വീട്ടില്‍ എത്തിയശേഷം വേഷം മാറുന്നതിനിടയിലാണ് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മകനെ കാണാതായത്.

ഏറെ നേരത്തെ തിരച്ചിലിനുശേഷം കുട്ടിയെ വെള്ളക്കെട്ടില്‍ കണ്ടെത്തി. ഉടന്‍ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛന്‍ ജയകുമാര്‍ സലാലയിലാണ്. സഹോദരന്‍ : ആദിത്യന്‍ (നാലാം ക്ലാസ് വിദ്യാര്‍ഥി).

Top