ജാതി-മത ചിന്തകള്‍, തോറ്റുപോയിരിക്കുന്നു; അഞ്ജുവിന്റെ വിവാഹപ്പന്തല്‍ പള്ളിമുറ്റത്ത് ഒരുങ്ങും

വരുന്ന 19ന് രാവിലെ പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ കായംകുളം ചേരാവള്ളി സ്വദേശിനി അഞ്ജു വിവാഹിതയാകും. ഇതിലെന്താ ഇത്ര അതിശയിക്കാനുള്ളത് എന്നായിരിക്കും പലരും ചിന്തിക്കുന്നത്. എന്നാല്‍ കാര്യമുണ്ട്.

നിര്‍ധനയായ ഹിന്ദു യുവതിയാണ് അഞ്ജു. ഈ യുവതിയുടെ വിവാഹത്തിന് കതിര്‍മണ്ഡപമൊരുങ്ങുന്നത് ചേരാവള്ളി ജുമാ മസ്ജിന്റെ മുറ്റത്താണ്. മുസ്ലിം ജമാഅത്താണ് യുവതിയുടെ വിവാഹം നടത്തുന്നത്. കാരണവരായി മുസ്ലിം ജമാഅത്തിന്റെ പ്രവര്‍ത്തകരുമുണ്ടാവും. പൗരത്വ നിയമത്തെ ചൊല്ലി രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോഴാണ് ഈ മതസൗഹാര്‍ദത്തിന്റെ കരളലിയിപ്പിക്കുന്ന വാര്‍ത്ത വൈറലാകുന്നത്. ജാതി-മത ചിന്തകള്‍ മനുഷ്യരുടെ സ്നേഹത്തിന് മുന്നില്‍ ഇവിടെ തോറ്റുപോയിരിക്കുന്നു.

ഭര്‍ത്താവിന്റെ മരണശേഷം ബിന്ദുവും മകളും വാടകവീട്ടില്‍ പ്രാരാബ്ദങ്ങളുടെ ഇടയില്‍ കഴിയുകയായിരുന്നു. ഇവരുടെ ദുരിതം നിറഞ്ഞ ജീവിതം കണ്ട് കരളലിഞ്ഞാണ് ജമാഅത്ത് കമ്മിറ്റി ഈ മകളുടെ വിവാഹം ഏറ്റെടുത്തത്. വിവാഹത്തിന് ക്ഷണിച്ചുകൊണ്ട് ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറി ഇറക്കിയ കത്ത് ഇതിനകം സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടിയിരുന്നു.

നമസ്‌കാര സമയത്ത് വിശ്വാസികളെക്കൂടി അറിയിച്ചാണ് കമ്മിറ്റി വിവാഹത്തിനുള്ള പിന്തുണ നേടിയെടുത്തത്. കൃഷ്ണപുരം സ്വദേശി ശരത്തിനെയാണ് അഞ്ജു വിവാഹം ചെയ്യുന്നത്.

എന്തായാലും ഈ മാതൃകാ കല്യാണം കേരളത്തില്‍ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കും എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങള്‍.

Top