കായികരംഗത്തെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് അഞ്ജു ബോബി ജോര്‍ജ്

ന്യൂഡല്‍ഹി: കായികരംഗത്തെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മുന്‍ കായികതാരം അഞ്ജു ബോബി ജോര്‍ജ്. താരങ്ങളോടുള്ള അവഗണനയില്‍ മുന്‍ സര്‍ക്കാരുകള്‍ക്കുനേരെ ഒളിയമ്പെയ്ത അഞ്ജു, താന്‍ ജനിച്ചത് തെറ്റായ യുഗത്തിലാണെന്നും പറഞ്ഞു. പ്രധാനമന്ത്രി ഔദ്യോഗിക വസതിയില്‍ നടത്തിയ ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.

ഏഴ് ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയിലായിരുന്നു പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്. അഞ്ജു ബോബി ജോര്‍ജിനു പുറമേ മതമേലധ്യക്ഷന്മാരും വ്യവസായികളുമുള്‍പ്പെടെ കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമുള്‍പ്പെടെ മറ്റുകാര്യങ്ങള്‍ ചര്‍ച്ചയായില്ലെന്ന് വിരുന്നിന് ശേഷം അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചിരുന്നു.2003-ല്‍ പാരീസില്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ജു ബോബി ജോര്‍ജ് വെങ്കലം നേടിയിരുന്നു. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായിരുന്നു അഞ്ജു.

‘ഒരു കായിക താരമെന്ന നിലയില്‍ ഞാന്‍ കഴിഞ്ഞ 25 വര്‍ഷമായി ഇവിടെയുണ്ട്. ഒരുപാട് മാറ്റങ്ങള്‍ ഇവിടെ സംഭവിച്ചതായി ഞാന്‍ കാണുന്നു. 20 വര്‍ഷം മുമ്പ് ഇന്ത്യക്കുവേണ്ടി ആഗോള തലത്തില്‍ ആദ്യ മെഡല്‍ ഞാന്‍ നേടിയപ്പോള്‍, ഞാന്‍ ജോലിചെയ്ത വകുപ്പ് എനിക്ക് സ്ഥാനക്കയറ്റം പോലും തന്നില്ല. എന്നാല്‍, നീരജ് ചോപ്രയ്ക്ക് മെഡല്‍ ലഭിച്ചപ്പോള്‍ അത് ആഘോഷമാക്കുന്നതിലെ മാറ്റങ്ങള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. ഞാന്‍ തെറ്റായ കാലഘട്ടത്തിലായിരുന്നതിനാല്‍ എനിക്കതില്‍ അസൂയ തോന്നുന്നുണ്ട്’, അഞ്ചു ബോബി ജോര്‍ജ് പറഞ്ഞു.

Top