അവളുടെ ചിറകുകള്‍ക്കടിയിലെ കാറ്റായി കൂടെയുള്ളത് മഹത്തായ കാര്യമാണ്; അഞ്ജലി മേനോന്‍

anjali

നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്ന നസ്രിയയെയും ഫഹദ് ഫാസിലിനെയും അഭിനന്ദിച്ച് സംവിധായിക അഞ്ജലി മേനോന്‍. സിനിമയിലേക്ക് മടങ്ങിവന്ന നസ്രിയയെ ആശംസിച്ചുകൊണ്ട് ഫഹദ് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ വലിയ സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഫഹദിന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ അഞ്ജലി ‘ബാംഗ്ലൂര്‍ ഡേയ്‌സ്’ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ ഒരു സംഭവവും പങ്കുവെച്ചു.

അഞ്ജലി മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്:

‘ബാംഗ്ലൂര്‍ ഡെയ്‌സ് ഷൂട്ടിംഗിന്റെ അവസാനദിവസം എല്ലാവരും പിരിയുന്നതിന്റെ സങ്കടത്തിലായിരുന്നു. അത് മാറ്റാന്‍ ഷൂട്ടിംഗ് കഴിഞ്ഞ് ഫഹദ്, നസ്രിയ, ദുല്‍ഖര്‍, അമല്‍, നിവിന്‍, റിന്ന, നിവിന്റെ മകന്‍, ഞാന്‍ എല്ലാവരും ചേര്‍ന്ന് ഡിന്നറിന് പോയി. വരാനിരിക്കുന്ന ഫഹദ്-നസ്രിയ വിവാഹമായിരുന്നു ഞങ്ങളുടെ പ്രധാന ചര്‍ച്ചാ വിഷയം. വിവാഹത്തോടെ നസ്രിയ അഭിനയം നിര്‍ത്തുമെന്ന സ്ഥിരം ഊഹാപോഹങ്ങളിലേക്ക് ചര്‍ച്ച എത്തി. ഇത് കേട്ട് അസ്വസ്ഥനായ ഫഹദ് പറഞ്ഞു, അഞ്ജലി, നിങ്ങളുടെ അടുത്ത സിനിമയില്‍ നസ്രിയയെ കാസ്റ്റ് ചെയ്യണം. അവള്‍ അഭിനയിക്കുന്നത് എനിക്കിഷ്ടമല്ലെന്ന് മറ്റുള്ളവര്‍ എന്തിന് വെറുതെ ചിന്തിക്കണം!’

‘ഫഹദിന്റെ വാക്കുകള്‍ എന്നെ സന്തോഷിപ്പിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നസ്രിയ ശരിയ്ക്കും എന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാകുകയും നസ്രിയ അഭിനയിക്കുന്നത് കാണാന്‍ ഫഹദ് സെറ്റില്‍ വരികയും ചെയ്തപ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നി. സെറ്റുകളില്‍ എപ്പോഴും ഞാന്‍ തിരക്കുകളിലായിരുന്നതിനാല്‍ ഫഹദുമായി സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ, ഒരു കാര്യം ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു… ഫഹദ്… അവളുടെ ചിറകുകള്‍ക്കടിയിലെ കാറ്റായി കൂടെയുള്ളത് തീര്‍ച്ചയായും മഹത്തായ കാര്യമാണ്. ആശംസകള്‍ക്ക് നന്ദി. നസ്രിയ-ഫഹദ് … സന്തോഷമായിരിക്കൂ!’

ഫഹദ് അവളുടെ ചിറകുകള്‍ക്കടിയിലെ കാറ്റായി കൂടെയുള്ളത് തീര്‍ച്ചയായും മഹത്തായ കാര്യമാണെന്ന് പറഞ്ഞ അഞ്ജലി ഫഹദിന്റെ ആശംസകള്‍ക്ക് നന്ദി പറയുകയും ചെയ്തു.

Top