ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി നിര്യാതയായി

കൊച്ചി: എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി. എറണാകുളത്തെ വീട്ടില്‍ പുലര്‍ച്ചെ മൂന്നിനായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികില്‍സയിലായിരുന്നു. പരേതരായ കുറന്തോട്ടത്തില്‍ വര്‍ഗീസ് ചെറിയാന്റെയും ബഹ്‌റൈനില്‍ ഡോക്ടര്‍ ആയിരുന്ന മേരി ചാക്കോയുടെയും മകളാണ്. വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷം ചൊവ്വാഴ്ച രാവിലെ 11ന് കോന്തുരുത്തി സെന്റ് ജോണ്‍ നെപുംസ്യാന്‍സ് പള്ളിയില്‍ സംസ്‌കരിക്കും.

ഇന്ത്യയിലെയും വിദേശത്തെയും പഠനശേഷം കുടുംബ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. മലയാള സിനിമയെ ചെന്നൈയില്‍നിന്നും കേരളത്തിലേക്കു പറിച്ചു മാറ്റുവാന്‍ മുന്നില്‍നിന്ന റിയാന്‍ സ്റ്റുഡിയോയുടെ എംഡി ആയിരുന്നു.

മൃഗസ്‌നേഹി ആയിരുന്ന അനിത, തെരുവുനായ്ക്കളുടെ ക്ഷേമത്തിനായും പ്രവര്‍ത്തിച്ചു. കാര്‍ഷികമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍നിന്നും എട്ടാം ഗ്രേഡില്‍ പാസായ അനിത നന്നായി പിയാനോ വായിച്ചിരുന്നു. മക്കള്‍: മേഘ, കാവ്യ. മരുമക്കള്‍: ഗൗതം, ക്രിസ്റ്റഫര്‍. മക്കളും മരുമക്കളും ബെംഗളൂരുവില്‍ ഐടി എഞ്ചിനിയര്‍മാരാണ്.

Top