അനിമല്‍ കണ്ടു, ചിത്രം ഹിന്ദി സിനിമയുടെ ഗെയിം ചെയ്ഞ്ചര്‍ ; അനുരാഗ് കശ്യപ്

ഹിന്ദി ചിത്രം അനിമലിനെയും സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയെയും പ്രശംസിച്ച് അനുരാഗ് കശ്യപ്. സന്ദീപ് റെഡ്ഡി വംഗയെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചുവെന്നും ഏറെ നേരം സംസാരിച്ചുവെന്നും അനുരാഗ് കശ്യപ് പറഞ്ഞു. സന്ദീപ് ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന, ആക്ഷേപിക്കപ്പെടുന്ന സംവിധായകനാണെന്ന് അദ്ദേഹം പറഞ്ഞു. സന്ദീപ് റെഡ്ഡി വംഗയ്‌ക്കൊപ്പമുളള ചിത്രവും അനുരാഗ് കശ്യപ് പങ്കുവെച്ചിട്ടുണ്ട്.

‘സന്ദീപിനൊപ്പം മനോഹരമായ ഒരു വൈകുന്നേരം ചെലവഴിച്ചു. ഇപ്പോള്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്യുന്ന സംവിധായകനാണ് അദ്ദേഹം. എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഏറ്റവും സത്യസന്ധനായ മനുഷ്യനാണ്. അദ്ദേഹത്തെക്കുറിച്ചോ അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ചോ മറ്റുള്ളവര്‍ എന്ത് ചിന്തിക്കുന്നു എന്നത് എനിക്ക് വിഷയമല്ല. ഈ സിനിയയെക്കുറിച്ചുള്ള എന്റെ എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹം ഉത്തരം നല്‍കി,’ അനുരാഗ് കശ്യപ് കുറിച്ചു. താന്‍ രണ്ടു തവണ അനിമല്‍ കണ്ടുവെന്നും ചിത്രം ഹിന്ദി സിനിമയുടെ ഗെയിം ചെയ്ഞ്ചര്‍ ആണെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

‘അര്‍ജുന്‍ റെഡ്ഡി’, ‘കബീര്‍ സിങ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമല്‍. രണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രത്തിലെ നായികയായി എത്തിയത് രശ്മിക മന്ദാനയായിരുന്നു. അനില്‍ കപൂര്‍, ബോബി ഡിയോള്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലായിട്ടാണ് ചിത്രം എത്തിയത്. ആഗോളതലത്തില്‍ 800 കോടിയ്ക്ക് മുകളിലാണ് സിനിമ കളക്ട് ചെയ്തത്. അമിത് റോയ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി തന്നെയാണ്. ഒന്‍പത് സംഗീതസംവിധായകര്‍ ചേര്‍ന്നാണ് ‘അനിമലി’ലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

Top