ഒരു മൃഗത്തില്‍ പോലും ഇതുവരെ നിപ്പാ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്

nipah virus

കോഴിക്കോട് : ഒരു മൃഗത്തില്‍ പോലും ഇതുവരെ നിപ്പാ വൈറസ് സ്ഥിരീകരിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍ . ശശി. പേരാമ്പ്രയില്‍ മരിച്ചവരുടെ വീടിനു അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലെ ഒരു മൃഗത്തിലും ലക്ഷണം കണ്ടെത്താനായിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.

മൃഗങ്ങളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ ഈ പ്രദേശങ്ങളിലെ മരങ്ങളുടെ താഴെ നിന്നും പുലര്‍ച്ചെ നാലരയ്ക്കും അഞ്ചിനുമിടയില്‍ വവ്വാലുകളുടെ കാഷ്ടം ശേഖരിച്ച് പരിശോധനയ്ക്കായി അയയ്ക്കും. വെള്ളിയാഴ്ച പരിശോധനാ ഫലം വന്നാല്‍ മാത്രമേ ഏതെങ്കിലും മൃഗങ്ങളില്‍ നിപ്പാ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിക്കാനാവൂ. ഫലങ്ങള്‍ കഴിക്കുന്ന പഴംതീനി വവ്വാലുകളെ ഈ പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടില്ല. ചെറുപ്രാണികളെയും മറ്റും കഴിക്കുന്ന മാംസവവ്വാലുകളെയാണ് പരിശോധനയ്ക്കായി അയച്ചതെന്നും അദ്ദേഹം അറിയിച്ചു.

എല്ലാ ജില്ലകളിലേക്കും നിപ്പാ വൈറസ്ബാധ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുള്ള ലക്ഷണങ്ങളുള്ള മൃഗങ്ങളുണ്ടെങ്കില്‍ ജില്ലാ വെറ്ററിനറി ഡോക്ടര്‍മാരെ അറിയിക്കണം. ഓരോജില്ലയിലും മൂന്നു ഓഫീസര്‍മാരെ വീതം നിരീക്ഷണത്തിനായി സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും പ്രത്യേക സെല്‍ ആരംഭിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി.

Top