ഐ പി ഒ യ്ക്ക് ഒരുങ്ങി അനില്‍ അംബാനിയുടെ റിലയന്‍സ് മ്യൂച്വല്‍ ഫണ്ട്‌

ന്യൂഡല്‍ഹി: പ്രാഥമിക ഓഹരി വില്പന (ഐ പി ഒ) യ്ക്ക് ഒരുങ്ങി അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മ്യൂച്വല്‍ ഫണ്ട് കമ്പനി.

ഐ പി ഒയില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് ബിസിനസ്സ് വളര്‍ത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉപയോഗപ്പെടുത്തുമെന്ന് റിലയന്‍സ് നിപ്പോണ്‍ ലൈഫ് അസറ്റ് മാനേജ്‌മെന്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഒ യുമായ സന്ദീപ് സിക്ക പറഞ്ഞു.

ഐ പി ഒ യുടെ നടത്തിപ്പിനായി മെര്‍ച്ചന്റ് ബാങ്ക് ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍, ഓഡിറ്റര്‍മാര്‍ എന്നിവരെ കമ്പനി ഉടന്‍ നിയമിക്കും. രാജ്യത്തെ മൂന്നാമത്തെ വലിയ മ്യൂച്വല്‍ ഫണ്ട് കമ്പനിയാണ് ഇത്.

3.6 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. ഇതില്‍, 2.11 കോടി രൂപയും മ്യൂച്വല്‍ ഫണ്ടിലാണ്. ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് രംഗത്ത് ഐ പി ഒ യിലൂടെ മൂലധന സമാഹരണം നടത്തുന്ന ആദ്യ കമ്പനിയാകും റിലയന്‍സ് മ്യൂച്വല്‍ ഫണ്ട്.

കമ്പനിയുടെ മൂല്യം ഏതാണ്ട് 20,000 കോടിയായാണ് കണക്കാക്കിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ 10 ശതമാനം ഓഹരി വിറ്റാല്‍, 2,000 കോടി രൂപ സ്വരൂപിക്കാന്‍ കഴിയും.

നിപ്പോണും ഐ പി ഒ യില്‍ പങ്കെടുക്കും. റിലയന്‍സ് നിപ്പോണ്‍ അസറ്റ് മാനേജ്‌മെന്റില്‍ റിലയന്‍സ് ക്യാപ്പിറ്റലിന് 51 ശതമാനം ഓഹരിയാണ് ഉള്ളത്. പൊതുമേഖലാ ബാങ്കുകള്‍ക്കും എല്‍ ഐ സി ക്കും പങ്കാളിത്തമുള്ള യു ടി ഐ മ്യൂച്വല്‍ ഫണ്ടും ഐ പി ഒ യ്ക്കായി ഒരുങ്ങുന്നുണ്ട്.

Top