അനില്‍ അംബാനിയെ തടവുശിക്ഷയില്‍ നിന്ന് രക്ഷിച്ച് മുകേഷ് അംബാനി; 550 കോടി നല്‍കി

ന്യൂഡല്‍ഹി: അനില്‍ അംബാനിയെ ജയില്‍ ശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ 550 കോടി നല്‍കി റിലയന്‍സ് മേധാവി മുകേഷ് അംബാനി. പണം കെട്ടിവയ്ക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയം തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് അനിലിന്റെ റിലയന്‍സ് കമ്യുണിക്കേഷന്‍ പണം അടച്ചത്. നാലാഴ്ചയ്ക്കുള്ളില്‍ കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ മൂന്നു മാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി വിധിച്ചിരുന്നു.

സുപ്രീം കോടതി വിധിച്ച പിഴ കൂടി ഉള്‍പ്പെട്ടാല്‍ മൊത്തം നല്‍കിയത് 550 കോടി രൂപയാണ്. പണം കൊടുത്തുതീര്‍ത്തതോടെ അനില്‍ അംബാനിക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരില്ല.പണം കിട്ടിയതായി എറിക്‌സണിന്റെ അഭിഭാഷകന്‍ അറിയിച്ചു. റിലയന്‍സ് കമ്യുണക്കേഷന്‍ പണം അടച്ചതായി വ്യക്തമാക്കിയതിനു പിന്നാലെ സഹോദരന്‍ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും നന്ദിപറഞ്ഞ് അനില്‍ അംബാനി പ്രസ്താവനയിറക്കി. വിഷമഘട്ടത്തില്‍ ഒപ്പം നിന്നതിനു താനും കുടുംബവും ഹൃദയം നിറഞ്ഞ നന്ദി പറയുന്നുവെന്നായിരുന്നു അനില്‍ അംബാനിയുടെ പ്രസ്താവന.

റഫാല്‍ ഇടപാടില്‍ നിക്ഷേപിക്കാന്‍ പണമുള്ള അനില്‍ അംബാനി തങ്ങള്‍ക്കു തരാനുള്ള പണം തരാതിരിക്കുകയാണെന്ന് എറിക്‌സണ്‍ കോടതിയെ അറിയിച്ചിരുന്നു. ജിയോയുമായുള്ള ആസ്തി വില്‍പന കരാര്‍ യാഥാര്‍ത്ഥ്യമാകാത്ത സാഹചര്യത്തില്‍ അനിലിന്റെ കമ്പനി പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടിക്രമം ആരംഭിച്ചിരുന്നു.

അനിലിനും മറ്റു ഡയറക്ടര്‍മാര്‍ക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും പണമടയ്ക്കുംവരെ അംബാനിയെയും മറ്റും തടവിലിടണമെന്നും ഇവര്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ നടപടിയെടുക്കണമെന്നുമാണ് എറിക്‌സന്റെ ആവശ്യം. അനില്‍ അംബാനി ഗ്രൂപ്പ് തങ്ങള്‍ക്ക് 500 കോടി രൂപ നല്‍കാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അനിലും കമ്പനിയുടെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരും വിദേശത്തേക്കു കടക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടു സ്വീഡിഷ് കമ്പനി കോടതിയിലെത്തിയത്.

Top