റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്ഥാനം രാജിവെച്ച് അനില്‍ അംബാനി

റിലയന്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്ന് അനില്‍ അംബാനി രാജിവെച്ചു. മറ്റ് നാല് മേധാവികള്‍ക്കൊപ്പമാണ് അനിലും രാജിവെച്ചത്. ഛായാ വിരാണി, റൈന കരാനി, മഞ്ജരി കാക്കര്‍, സുരേഷ് രംഗാചാര്‍ എന്നിവരും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞു.

കടംപെരുകിയ കമ്പനി ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് സമര്‍പ്പിച്ച ഫയലിംഗിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡയറക്ടറും, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായിരുന്ന മണികണ്ഠന്‍ വി നേരത്തെ തന്നെ രാജിവെച്ചിരുന്നു. ഈ വിവരം ക്രെഡിറ്റര്‍മാരുടെ കമ്മറ്റിയുടെ പരിഗണനയ്ക്ക് വെയ്ക്കുന്നതായി ഫയലിംഗ് കൂട്ടിച്ചേര്‍ത്തു. പാപ്പര്‍പ്രഖ്യാപന നടപടിക്രമങ്ങളിലൂടെ കടന്നുപോകുന്ന ആര്‍കോം 2019 ജൂലൈസെപ്റ്റംബര്‍ മാസങ്ങളില്‍ 30,142 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

സ്റ്റാച്യൂട്ടറി ലൈസന്‍സ് ഫീ, സ്‌പെക്ട്രം ഉപയോഗം എന്നിവയ്ക്കായി നല്‍കാനുള്ള തുക നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചതോടെ ആര്‍കോമിന്റെ മൊത്തം നഷ്ടം ഈ തുകയിലേക്ക് എത്തുകയായിരുന്നു. ജൂലൈസെപ്റ്റംബര്‍ മാസത്തില്‍ വോഡാഫോണ്‍ ഐഡിയയ്ക്ക് പിന്നിലാണ് ആര്‍കോമിന്റെ നഷ്ടങ്ങള്‍. ഇവര്‍ 50,921.9 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ നഷ്ടം 23000 കോടിയാണ്.

ടെലികോം കമ്പനികളുടെ എജിആര്‍ കണക്കുകൂട്ടല്‍ സംബന്ധിച്ച സുപ്രീംകോടതി വിധി വന്നതോടെയാണ് കമ്പനികള്‍ വന്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. 15 ടെലികോം കമ്പനികളുടെ കടം 1.3 ലക്ഷം കോടിയിലേക്ക് ഉയരുകയായിരുന്നു.

Top