അനില്‍ അംബാനിക്കെതിരായ പാപ്പരത്ത നടപടി; സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: അനില്‍ അംബാനിക്ക് എതിരായ പാപ്പരത്ത നടപടികള്‍ക്കുള്ള സ്റ്റേ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. എസ്ബിഐ ആണ് അനില്‍ അംബാനിക്കെതിരായ നടപടികള്‍ക്കുള്ള സ്റ്റേ നീക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. മുമ്പ് ഡല്‍ഹി ഹൈക്കോടതിയാണ് നടപടികള്‍ക്ക് സ്റ്റേ നല്‍കിയത്.

അടുത്ത മാസം ആറിലേക്ക് ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി ഡല്‍ഹി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ എസ്ബിഐയ്ക്ക് ഹര്‍ജിയില്‍ മാറ്റംവരുത്താമെന്നും കോടതി. കഴിഞ്ഞ മാസമാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചത്. എസ്ബിഐയില്‍ നിന്ന് അനില്‍ അംബാനിയുടെ രണ്ട് കമ്പനികള്‍ 1200 കോടി രൂപ വായ്പ എടുത്തിരുന്നു. ഇത് തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് കോടതി ഇടപെടല്‍.

2016ല്‍ ആര്‍കോം, റിലയന്‍സ് ഇന്‍ഫ്രടെല്‍ എന്നിവക്കാണ് വായ്പകള്‍ അനുവദിച്ചത്. ഈ വായ്പകള്‍ക്ക് അനില്‍ അംബാനിയാണ് വ്യക്തിഗത ഗ്യാരണ്ടി നല്‍കിയത്. 1000 കോടിയോ അതില്‍ അധികമോ തുകയുടെ വായ്പകള്‍ക്ക് പ്രൊമോട്ടര്‍മാര്‍ വ്യക്തിഗത ഗ്യാരണ്ടി നല്‍കുന്നതിന് എതിരെ പുതിയ നിയമങ്ങള്‍ നിലവിലുണ്ട്. അതിനാലാണ് നടപടിയില്‍ ഡല്‍ഹി ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.

Top