‘സോയില്‍ ടെസ്റ്റ് എന്താണെന്ന് മന്ത്രിയ്ക്ക് വല്ല ധാരണയുമുണ്ടോ’; മറുപടിയുമായി അനില്‍ അക്കര

തൃശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി എ.സി.മൊയ്തീന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അനില്‍ അക്കര എംഎല്‍എ. റെഡ് ക്രെസന്റും ലൈഫ് മിഷനുമായിട്ടാണ് ധാരണയെന്ന് കരാര്‍ രേഖയില്‍ പറഞ്ഞിട്ടുണ്ട്. യൂണിടാക്കിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷന്‍ റെഡ് ക്രെസന്റിന് കത്ത് നല്‍കിയിട്ടുമുണ്ട്. റെഡ്‌ക്രെസന്റ് യൂണിടാക്കിനെ ചുമതലപ്പെടുത്തിയതിന്റെ ഏതെങ്കിലും രേഖകള്‍ സര്‍ക്കാരിന്റെ കൈയിലുണ്ടെങ്കില്‍ പുറത്ത് വിടണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.

‘സോയില്‍ ടെസ്റ്റ് എന്താണെന്നതിനെ സംബന്ധിച്ച് മന്ത്രി വല്ല ധാരണയുമുണ്ടോ. വടക്കാഞ്ചേരിയില്‍ യൂണിടാക് സോയില്‍ ടെസ്റ്റ് നടത്തിട്ടില്ല. സാധാരണ കെട്ടിടം പണിയുന്നത് പോലെയാണ് അവിടെ കെട്ടിടം പണിഞ്ഞിരിക്കുന്നത്. പണി തീര്‍ന്നതിന് ശേഷം സോയില്‍ ടെസ്റ്റ് നടത്താമെന്നാണ് മന്ത്രി പറയുന്നത്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് എത്ര ഉത്തരവാദിത്തം ഉണ്ടെന്നത് നമുക്ക് മനസ്സിലാക്കാം’അനില്‍ അക്കര പറഞ്ഞു.

റെഡ്‌ക്രെസന്റ് 500 കോടി നല്‍കുമെന്ന് പറഞ്ഞത് യുഎഇയിലുള്ള മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്. അഴിമതി നടത്തണമെന്ന് മുന്‍കൂട്ടി നടത്തിയ ആസൂത്രണമാണ്. അതുകൊണ്ടാണ് യൂണിടാക്കുമായി കരാറുണ്ടാക്കുന്നത്. അഴിമതി നടത്താന്‍ വേണ്ടി മാത്രമാണ് ഇത് ചെയ്തതെന്നും അനില്‍ അക്കര കൂട്ടിച്ചേര്‍ത്തു.

Top