സി.പി.എമ്മിലെത്തുന്നതിന് മുമ്പ് സി.രവീന്ദ്രനാഥ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നെന്ന്

Raveendranath

തിരുവനന്തപുരം: സി.പി.എമ്മിലെത്തുന്നതിന് മുമ്പ് സി.രവീന്ദ്രനാഥ് രാഷ്ട്രീയ സ്വയംസേവക് സംഘ്(ആര്‍.എസ്.എസ്) പ്രവര്‍ത്തകനായിരുന്നുവെന്ന് ആരോപണം.

കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര എം.എല്‍.എയാണ് ഇത് സംബന്ധിച്ച് ഫെയ്സ്ബുക്കിലൂടെ ആരോപണവുമായി രംഗത്തെത്തിയത്.

സി.രവീന്ദ്രനാഥ് കുട്ടിക്കാലത്ത് എറണാകുളം ചേരാനെലൂര്‍ ആര്‍.എസ്.എസ് ശാഖാ അംഗമായിരുന്നുവെന്നും വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ എ.ബി.വി.പി.യുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയെന്നുമാണ് അനിലിന്റെ ആരോപണം. ഇതെല്ലാം ശരിയെങ്കില്‍ ഇനി എന്തെല്ലാം കാണാനിരിക്കുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.

അതേസമയം, എം.എല്‍.എയുടെ ആരോപണം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. സമാന ആരോപണം മുസ്ലീം ലീഗിലെ ചില നേതാക്കന്മാരും അടുത്തിടെ ഉന്നയിച്ചിരുന്നു.

ബി.ജെ.പി സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആഘോഷിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ വിവാദമായിരുന്നു. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സര്‍ക്കുലര്‍. ദീന്‍ ദയാലിന്റെ ജീവിതത്തെ ആസ്പദമാക്കി രചന, പ്രച്ഛന്നവേഷ മത്സരങ്ങള്‍ നടത്തണമെന്ന് ഡി.ഇ.ഒമാര്‍ക്കുള്ള സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.

കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശം ഉണ്ടായത്. എന്നാല്‍ ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഏതടിസ്ഥാനത്തിലാണ് ഡി.പി.ഐ സര്‍ക്കുലര്‍ നല്‍കിയതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top