ഗുരുദ്വാരക്ക് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ ഗുരുദ്വാരക്ക് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ച് ഇന്ത്യ.സിഖ് വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ പാക് ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു. അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു.

സംഭവത്തില്‍ ഉടന്‍ ഇടപെടണമെന്ന് പാക് പ്രധാനമന്ത്രിയോട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. ഗുരുദ്വാരക്കുള്ളില്‍ കുടുങ്ങിയിട്ടുള്ള വിശ്വാസികളെ അക്രമികളില്‍ രക്ഷിക്കണമെന്ന് അമരീന്ദര്‍ സിങ് പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

ഗുരുനാനാക്കിന്റെ ജന്മസ്ഥലമായ നങ്കന സാഹിബ് ഗുരുദ്വാരക്ക് നേരെയാണ് വെള്ളിയാഴ്ച കല്ലേറുണ്ടായത്.നൂറുകണക്കിന് ആളുകളാണ് ഗുരുദ്വാര വളയുകയും കല്ലേറ് നടത്തുകയും ചെയ്തത്.

ഗുരുദ്വാരയുടെ ചുമതലയുള്ള വ്യക്തിയുടെ മകളെ ഒരു ആണ്‍കുട്ടി തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് പ്രദേശവാസികള്‍ ഗുരുദ്വാര വളഞ്ഞതെന്നാണ് സൂചന. ആണ്‍കുട്ടിയുടെ കുടുംബത്തിന്റെ നേതൃത്വത്തിലാണ് ജനക്കൂട്ടം സംഘടിച്ചത്.

Top