ഫ്‌ലോയിഡിന്‌ ഐക്യദാര്‍ഢ്യം; ഒന്നരക്കോടി സംഭാവന നല്‍കി ആഞ്ജലീന ജോളി

പൊലീസ് അതിക്രമത്തില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. അദ്ദേഹത്തിനു നീതി ലഭിക്കുന്നതിനായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്ന കാഴ്ചയാണ് ലോകമെങ്ങും കാണുന്നത്. ഈ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹോളിവുഡ് താരങ്ങളടക്കം നിരവധി പേര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വ്യത്യസ്തമായ രീതിയില്‍ ഈ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയിരിക്കുകയാണ് പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജോളി.

തന്റെ പിറന്നാള്‍ ദിനത്തില്‍ വര്‍ണവെറിക്കെതിരെ വലിയൊരു തുക സംഭാവനയായി നല്‍കിയാണ് താരം ഈ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

എന്‍എസിസിപിയുടെ ലീഗല്‍ ഡിഫന്‍സ് ഫണ്ടിലേക്കാണ് തന്റെ നാല്‍പത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ച് ആഞ്ജലീന സംഭാവന നല്‍കിയത്. ഒരു കോടി അമ്പത്തിയൊന്നു ലക്ഷം രൂപയായിരുന്നു സംഭാവന. സാമൂഹിക നീതിയും നിയമ പരിരക്ഷയും ഉറപ്പു വരുത്താനായി യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനായാണ് എന്‍എസിസിപി. ഫ്‌ലോയ്ഡിനെ പോലെ നടുക്കുന്ന അനുഭവത്തിലൂടെ കടന്നു പോയവരുടെ കുടുംബത്തിന് നിയമപരിരക്ഷ ഉറപ്പു വരുത്തണമെന്നും തുല്യനീതിക്കായുള്ള പോരാട്ടം തുടരണമെന്നും ആഞ്ജലീന ആവശ്യപ്പെട്ടു.

‘ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും തുല്യമാണ്. അത് ആരുടെയും കുത്തകയല്ല. വിവേചനവും ഇത്തരം ക്രൂരകൃത്യങ്ങളും അംഗീകരിക്കാന്‍ സാധിക്കില്ല. ഇത്തരം തെറ്റുകള്‍ക്കു നേരെ വിരല്‍ ചൂണ്ടുക തന്നെ വേണം. അത് ഓരോ അമേരിക്കന്‍ പൗരന്റെയും കടമയാണ്.’ ആഞ്ജലീന പറഞ്ഞു. ഇപ്പോഴും അമേരിക്കയിലാകെ പ്രതിഷേധം തുടരുകയാണ്.

Top