‘ഞെട്ടിക്കുന്ന’ മുന്നറിയിപ്പുമായി ജര്‍മ്മനി; ജനസംഖ്യയുടെ 70% പേര്‍ക്കും രോഗം പിടിക്കും?

ര്‍മ്മന്‍കാര്‍ക്ക് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍. ജര്‍മ്മനിയിലെ ജനസംഖ്യയില്‍ 60 മുതല്‍ 70 ശതമാനം പേരിലേക്കും മാരകമായ കൊറോണാവൈറസ് എത്തിച്ചേരുമെന്നാണ് ചാന്‍സര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യൂറോപ്പില്‍ പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ജാഗ്രതാ നിര്‍ദ്ദേശം ആഞ്ചല മെര്‍ക്കല്‍ നേരിട്ട് നല്‍കിയിരിക്കുന്നത്.

പകര്‍ച്ചവ്യാധി നിയന്ത്രണം വിട്ട് പടരുന്ന സാഹചര്യമുണ്ടായാല്‍ 58 മില്ല്യണ്‍ ജര്‍മ്മന്‍കാരിലേക്ക് വൈറസ് എത്തുമെന്ന് ബെര്‍ലിനില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ഗ്രൂപ്പ് യോഗത്തില്‍ അവര്‍ വ്യക്തമാക്കി. അതേസമയം ഇന്‍ഫെക്ഷന്‍ ബാധിച്ച 80 ശതമാനം പേര്‍ക്കും യാതൊരു രോഗലക്ഷണങ്ങളും കാണില്ലെന്ന് ആരോഗ്യ മന്ത്രി ജെന്‍സ് സ്പാഹ് ചൂണ്ടിക്കാണിച്ചു. യൂറോപ്പില്‍ ഏകദേശം മുപ്പതോളം രാജ്യങ്ങളിലാണ് മനുഷ്യര്‍ക്കിടയില്‍ ഇന്‍ഫെക്ഷന്‍ പടരുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

ജീവന് അപകടം സൃഷ്ടിക്കുന്ന ഇന്‍ഫെക്ഷന്‍ യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ വലിയ ആശങ്കയാണ് വിതയ്ക്കുന്നത്. ഇവിടെ 17,000 കേസുകളും, 700 മരണങ്ങളുമാണ് ഇതുമൂലം സംഭവിച്ചത്. നോര്‍ത്തേണ്‍ ഇറ്റലി കേന്ദ്രീകരിച്ചാണ് രോഗം ആരംഭിച്ചതെങ്കിലും ഇപ്പോള്‍ മറ്റ് ഇടങ്ങളിലേക്കും ഇത് പടര്‍ന്നിട്ടുണ്ട്. ചൈനയില്‍ നിന്നാണ് രോഗം ഇറ്റലിയില്‍ പ്രവേശിച്ചത്. എന്നാല്‍ രോഗം പടര്‍ന്നതോടെ ഇറ്റലിയിലെ ടൂറിസം കേന്ദ്രങ്ങളില്‍ മനുഷ്യരുടെ പൊടിപോലും കാണാനില്ല. ഒരു ദിവസം 168 പേര്‍ മരിക്കുന്ന സാഹചര്യം വന്നതോടെ ഇറ്റലി സമ്പൂര്‍ണ്ണ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിനിടെ സ്‌പെയിനില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1622 ആയി. 35 പേരാണ് ഇവിടെ മരിച്ചത്. തലസ്ഥാനമായ മാഡ്രിഡില്‍ യൂണിവേഴ്‌സിറ്റികളും, സ്‌കൂളുകളും അടച്ചു. ബ്രിട്ടനില്‍ ഇതുവരെ ആറ് പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതില്‍ ഒരു ഇന്ത്യന്‍ വംശജനും ഉള്‍പ്പെടും. ആഗോള തലത്തില്‍ 114,000ഓളം പേര്‍ക്കാണ് വൈറസ് ബാധ പിടിപെട്ടിരിക്കുന്നത്. ഡിസംബറില്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധയാണ് ലോകത്തിന് ഭീഷണിയാകുന്നത്.

Top