ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ വിമാനം അടിയന്തരമായി നിലത്തിറക്കി

ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ബുവേനോസ് ആരീസിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം അടിയന്തരമായി കൊളോംഗില്‍ നിലത്തിറക്കി. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പോകവേ ആയിരുന്നു സംഭവം. മെര്‍ക്കലും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി. എ340 വിമാനമാണ് തിരിച്ചിറക്കിയത്.

ബെര്‍ലിനില്‍ നിന്ന് പുറപ്പെട്ട വിമാനം നെതര്‍ലന്‍ഡ്‌സിന് മുകളിലൂടെ പോകവേയാണ് പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്നു അടിയന്തര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി ജര്‍മനിയിലെ കൊളോംഗ് വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തുകയായിരുന്നു.

മെര്‍ക്കലിനൊപ്പം ധനമന്ത്രി ഒലാഫ് ഷോള്‍സും വിമാനത്തിലുണ്ടായിരുന്നു. വെള്ളിയാഴ്ച ഷെഡ്യൂള്‍ ചെയ്ത വിമാനത്തില്‍ മെര്‍ക്കല്‍ അര്‍ജന്റീനയിലേക്ക് തിരിക്കുമെന്നാണ് സൂചന.

Top