എയ്ഞ്ചല്‍ ഡി മരിയ യുവന്റസിലേക്ക്

ടൂറിന്‍: അര്‍ജന്റൈന്‍ സൂപ്പർ താരം എയ്ഞ്ചല്‍ ഡി മരിയ വരുന്ന സീസണില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിന് വേണ്ടി ബൂട്ടണിയും. ഫ്രഞ്ച് ക്ലബായ പിഎസ്ജിയില്‍ നിന്നാണ് താരം യുവന്റസിലെത്തുന്നത്. താരത്തിന്റെ മെഡിക്കല്‍ പൂര്‍ത്തിയായി. സ്പോര്‍ട്സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഫ്രീ ഏജന്റായാണ് താരം യുവന്റസിലെത്തുന്നത്. പോള്‍ പോഗ്ബയ്ക്ക് പിന്നാലെ ഈ സീസണില്‍ യുവന്റസ് സ്വന്തമാക്കുന്ന താരമാണ് ഡി മരിയ.

ഏഴ് സീസണുകളില്‍ പിഎസ്ജിയ്ക്ക് വേണ്ടി കളിച്ച ശേഷമാണ് ഡി മരിയ ക്ലബ്ബ് വിടുന്നത്. ടീമിനായി 295 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ താരം 92 ഗോളുകളും സ്വന്തമാക്കി. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ഡി മരിയ. 34 കാരനായ ഈ മുന്നേറ്റതാരം അടുത്ത ആഴ്ച യുവന്റസിനൊപ്പം ചേരുമെന്ന് റൊമാനോ വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ വേണ്ടത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ യുവന്റസിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ ഇറ്റാലിയന്‍ സീരി എയില്‍ നാലാം സ്ഥാനത്ത് മാത്രമാണ് ടീമിനെത്താനായത്. എന്നാല്‍ പൗളോ ഡിബാല ക്ലബ് വിടുമെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ചെല്‍സി, നാപോളി ടീമുകള്‍ ഡിബാലയ്ക്ക് പിന്നാലെയുണ്ട്.

Top