കാര്‍ അപകടത്തിൽ അന്‍ഡ്ര്യു ഫ്ലിന്റോഫിന് ഗുരുതര പരിക്ക്

ലണ്ടന്‍: മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ആന്‍ഡ്ര്യു ഫ്ലിന്റോഫിന് വീഡിയോ ഷൂട്ടിനിടെ ഉണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ബിബിസിയിലെ ടോപ് ഗിയര്‍ പരിപാടിയുടെ ഷൂട്ടിനിടെയാണ് ഫ്ലിന്റോഫിന് പരിക്കേറ്റത്. സറേയിലുള്ള ഡന്‍സ്‌ഫോള്‍ഡ് പാര്‍ക്ക് എയറോഡ്രോമില്‍ കനത്ത മഞ്ഞ് വീഴ്ചയുണ്ടായിരുന്ന സ്ഥലത്ത് തിങ്കളാഴ്ചയായിരുന്നു അപകടം നടന്നത്. പ്രഥമ ശുശ്രൂക്ഷകള്‍ നല്‍കിയശേഷം ഉടന്‍ ഫ്ലിന്റോഫിനെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

ഫ്ലിന്റോഫിന്റെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക വാര്‍ത്താക്കുറിപ്പുകളൊന്നും പുറത്തുവന്നിട്ടില്ല. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫ്ലിന്റോഫ് അപകടനില തരണം ചെയ്തതായും പരിക്ക് ഗുരതരമല്ലെന്നുമാണ് സൂചന. ഫ്ലിന്റോഫ് സാധാരണ വേഗത്തിലാണ് കാറോടിച്ചതെന്നും കനത്ത മഞ്ഞുവീഴ്ചയില്‍ കാര്‍ ട്രാക്കില്‍ നിന്ന് വഴുതി മാറിയാണ് അപകടമുണ്ടായതെന്നുമാണ് പ്രാഥമിക വിവരം.

വീഡിയോ ചിത്രീകരണത്തിനിടെ അപകടം സംഭവിച്ചാല്‍ എടുക്കേണ്ട മുന്‍കരുതലുകളെല്ലാം എടുത്തിരുന്നതിനാലാണ് ഫ്ലിന്റോഫിന് അടിയന്തര ചികിത്സ നല്‍കാനും എയര്‍ ലിഫ്റ്റ് ചെയ്ത് ഉടന്‍ ആശുപത്രിയിലെത്തിക്കാനും കഴിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് ചിത്രീകരണം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഫ്ലിന്റോഫിനൊപ്പം പരിപാടിയിലെ അവതാരകനായ ക്രിസ് ഹാരിസും അപകട സമയത്ത് ട്രാക്കിലുണ്ടായിരുന്നു. ക്രിസ് ഹാരിസിന് അപകടത്തില്‍ പരിക്കില്ല.

2019ലും ടോപ് ഗിയറിന്റെ ചിത്രീകരണത്തിനിടെ ഫ്ലിന്റോഫിന് നിസാര പരിക്കേറ്റിരുന്നു. ഇയാന്‍ ബോതത്തിനുശേഷം ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച് ഓള്‍ റൗണ്ടറായി വിലയിരുത്തപ്പെടുന്ന ഫ്ലിന്റോഫ് 1998 മുതല്‍ 2009വരെയാണ് ഇംഗ്ലണ്ട് കുപ്പായത്തില്‍ കളിച്ചത്. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ 78 മത്സരങ്ങളില്‍ അഞ്ച് സെഞ്ചുറി ഉള്‍പ്പെടെ 3795 റണ്‍സും 219 വിക്കറ്റും ഫ്ലിന്റോഫ് നേടിയിട്ടുണ്ട്.

Top