ആന്ധ്രയില്‍ മോദിക്കെതിരെ കൂറ്റന്‍ ബോര്‍ഡുകള്‍; നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായ് ആന്ധ്രാ സ്വദേശികള്‍. ഗുണ്ടൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി ആന്ധ്രാപ്രദേശില്‍ എത്തുന്നതിന്റെ ഭാഗമായാണ് ഹൈവേകളില്‍ മോദിക്കെതിരെയുള്ള പ്രതിഷേധ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മോദിക്ക് ഇവിടേക്ക് പ്രവേശനമില്ലെന്നും, മോദിയെ ഇനിയൊരിക്കലും തിരഞ്ഞെടുക്കില്ലെന്നും ആഹ്വാനം ചെയ്യുന്ന കൂറ്റന്‍ ബോര്‍ഡുകലാണ് വിജയവാഡയിലെയും ഗുണ്ടൂരിലെയും പാതയോരങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. ബോര്‍ഡുകള്‍ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു രാഷ്ട്രീയപാര്‍ട്ടിയും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ അഞ്ചുകോടി വരുന്ന ആന്ധ്രക്കാരുടെ പ്രതിഷേധമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന പ്രതികരണവുമായി തെലുങ്കുദേശം പാര്‍ട്ടി രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ അവഗണനിയില്‍ ഓരോ ആന്ധ്രക്കാരന്റെയും രക്തം തിളയ്ക്കുകയാണെന്നും ഈ പ്രതിഷേധങ്ങള്‍ ന്യായമാണെന്നും ദിനകര്‍ ലങ്ക പറഞ്ഞു. അതേസമയം ബോര്‍ഡുകള്‍ സ്ഥാപിച്ചത് ടി.ഡി.പിയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിക്കെതിരായ ബോര്‍ഡുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടതോടെ ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ നീക്കംചെയ്യണമെന്നും ഇത് സ്ഥാപിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് ബി.ജെ.പി.യുടെ ആവശ്യം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥരും പ്രതികരിച്ചു.

Top