ഒരു ദിവസത്തെ വേതനം കേരളത്തിന് നല്‍കുമെന്ന് ആന്ധ്രയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍

അമരാവതി: കേരളത്തിന് സഹായ ഹസ്തവുമായി ആന്ധ്രാപ്രദേശിലെ ഐഎഎസ് ഉദ്യോഗസ്ഥരും. ഒരു ദിവസത്തെ വേതനമാണ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നത്. ആന്ധ്ര ഐഎഎസ് അസോസിയേഷനാണ് അംഗങ്ങളുടെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്.

നേരത്തെ, പ്രളയക്കെടുതിയില്‍ മുങ്ങിയിരിക്കുന്ന കേരളത്തിന് സഹായവുമായി ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ഒ.പി.സിംഗും രംഗത്തെത്തിയിരുന്നു. കേരളത്തിന് കൈത്താങ്ങെന്ന നിലയില്‍ ഉത്തര്‍പ്രദേശിലെ ഓരോ പൊലീസുകാരനും തന്റെ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് അപേക്ഷിച്ചിരിക്കുകയാണ് ഒ.പി.സിംഗ്. തന്റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 15 കോടി നല്‍കുമെന്ന് അറിയിച്ചിരുന്നു. പ്രളയദുരന്തം നേരിടുന്ന കേരളത്തിന് കൈത്താങ്ങായി മഹാരാഷ്ട്രയും രംഗത്തെത്തിയിട്ടുണ്ട്. 20 കോടി സഹായമായി നല്‍കുമെന്ന് ദേവേന്ദ്ര ഫട്‌നാവിസ് അറിയിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാനി 10 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചു.

Top