പത്‌നി യശോദാ ബെന്നിനെ പറ്റി ചോദിച്ചാല്‍ മോദിക്ക് ഉത്തരമില്ലെന്ന് ചന്ദ്രബാബു നായിഡു

Chandrababu Naidu

അമരാവതി : വ്യക്തിപരമായ കടന്നാക്രമണങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തനിക്കറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ആന്ധ്രാ സന്ദര്‍ശനത്തിനിടെ മോദി ചന്ദ്രബാബു നായിഡുവിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുത്തലാഖിലൂടെ ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്നതില്‍ നിന്നും മുസ്‌ലിം സ്ത്രീകളെ രക്ഷിച്ചെടുത്ത രക്ഷകനായാണ് മോദി സ്വയം പ്രഖ്യാപിക്കുന്നത്. എന്നാല്‍ ആരെങ്കിലും അദ്ദേഹത്തിന്റെ തന്നെ പത്‌നി യശോദാ ബെന്നിനെ പറ്റി ചോദിച്ചാല്‍ മോദിക്ക് ഉത്തരമില്ലെന്ന് നായിഡു പറഞ്ഞു.

ടി.ഡി.പിയില്‍ കുടുംബവാഴ്ച്ചയാണെന്ന് കുറ്റപ്പെടുത്തുന്ന മോദിക്ക്, കുടുംബത്തെ കുറിച്ചും മൂല്യങ്ങളെ കുറിച്ചും എന്താണറിയുകയെന്നും നായിഡു ചോദിച്ചു. ഒരു കോടിയോടടുത്ത് വിലയുള്ള കോട്ട് ധരിക്കുന്ന മോദിയാണ് സംസ്ഥാന സര്‍ക്കാര്‍ അഴിമതിക്കാരാണെന്ന് പറഞ്ഞു നടക്കുന്നത്. അഴിമതിയുടെ കാര്യത്തില്‍ ജനങ്ങളില്‍ നിന്നും തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

മോദിയുടെ ആന്ധ്ര യാത്ര തികഞ്ഞ പരാജയമായിരുന്നെന്നും ചന്ദ്രബാബു നായിഡു വ്യക്തമാക്കി.

ചന്ദ്രബാബു നായിഡു തന്നേക്കാള്‍ സീനിയറായ ആളാണെന്നാണ് എല്ലാവരും പറയുന്നത്, രാഷ്ട്രീയ നാടകങ്ങളിലും, കാലു വാരലിലും, മുന്നണി മാറ്റത്തിലും അദ്ദേഹം സീനിയറാണെന്നും മോദി പരിഹസിച്ചിരുന്നു. സ്വന്തം ഭാര്യാ പിതാവ് എന്‍.ടി.ആറിനെ വരെ ചതിച്ച വ്യക്തിയാണ് നായിഡുവെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.

Top