വടകര താലൂക്ക് ഓഫിസ് കെട്ടിടത്തിനു തീയിട്ടത് ആന്ധ്ര സ്വദേശി, പിടിയില്‍

കോഴിക്കോട്: വടകര താലൂക്ക് ഓഫിസ് കെട്ടിടത്തിനു തീയിട്ടത് ആന്ധ്ര സ്വദേശി സതീഷ് നാരായണനെന്ന് പൊലീസ്. വടകരയില്‍ മുന്‍പുണ്ടായ മൂന്ന് തീപിടിത്തത്തിന് പിന്നിലും ആന്ധ്ര സ്വദേശിയാണ്. മൂന്നു കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്തി. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമം തുടരുന്നതായി റൂറല്‍ എസ്പി പി.എ.ശ്രീനിവാസ് പറഞ്ഞു. പ്രതിയുടെ സമൂഹമാധ്യമ ഇടപെടലുകള്‍ പരിശോധിക്കുമെന്നും എസ്പി വ്യക്തമാക്കി.

താലൂക്ക് ഓഫിസിന് സമീപത്തെ കെട്ടിടത്തിന്റെ ശുചിമുറിയില്‍ തീയിട്ടത് പ്രദേശത്ത് അലഞ്ഞു തിരിഞ്ഞിരുന്ന ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ഇന്നു പുലര്‍ച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തണുപ്പ് അകറ്റാനാണ് ശുചിമുറിയില്‍ തീയിട്ടതെന്നായിരുന്നു യുവാവിന്റെ മൊഴി.

വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ വടകര താലൂക്ക് ഓഫിസ് കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ഭൂരിഭാഗം ഫയലുകളും 45 കംപ്യൂട്ടറുകളും നശിച്ചു. കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. രാവിലെ അഞ്ചരയോടെ സമീപത്തെ ജയില്‍ ജീവനക്കാരാണു തീ കണ്ടത്. അതിനു മണിക്കൂറുകള്‍ക്ക് മുന്‍പുതന്നെ കെട്ടിടത്തിനുള്ളില്‍ തീ പടര്‍ന്നിരിക്കാമെന്ന് കരുതുന്നു. അഗ്‌നിരക്ഷാസേനയുടെ 10 യൂണിറ്റ് എത്തിയാണു തീയണച്ചത്.

Top