andhra pradhesh bill ddp

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് വിഭജിച്ച് തെലങ്കാന രൂപീകരിച്ച ആന്ധ്രാപ്രദേശ് പുനസംഘടന നിയമത്തിലെ വ്യവസ്ഥകള്‍ പൂര്‍ണമായും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് തെലുങ്ക് ദേശം പാര്‍ട്ടി. ഇക്കാര്യം ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് നിയമസഭയില്‍ ടി.ഡി.പി പ്രമേയം പാസാക്കി. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കാമെന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാണ് ആവശ്യം.

17 ഇന ആവശ്യങ്ങളടങ്ങിയ പ്രമേയം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് അവതരിപ്പിച്ചത്. നിലവില്‍ തെലങ്കാനയുടേയും ആന്ധ്രാപ്രദേശിന്റേയും പൊതുതലസ്ഥാനമായ ഹൈദരാബാദിലെ ക്രമസമാധാന നില കൈകാര്യം ചെയ്യുന്നത് ഗവര്‍ണറുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. നിലവില്‍ ഇരു സംസ്ഥാനങ്ങളുടേയും ഗവര്‍ണര്‍ ഒരാള്‍ തന്നെയാണ്.

സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ബാക്കിയുള്ള ഗ്രാന്റ് നല്‍കണം. ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചിട്ടുള്ള പോളാവരം ജലവൈദ്യുത പദ്ധതി 2018നകം പൂര്‍ത്തികരിയ്ക്കാനുള്ള നടപടികള്‍ വേണം. നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ തലസ്ഥാനമായ അമരാവതിക്ക് പ്രത്യേക സാമ്പത്തിക പാക്കേജ്, വ്യവസായങ്ങള്‍ക്ക് സഹായം, വിശാഖപട്ടണം കേന്ദ്രമാക്കി റെയില്‍വെ സോണ്‍, ദുഗരാജ പട്ടണയില്‍ തുറമുഖം, കടപ്പയില്‍ ഉരുക്ക് നിര്‍മ്മാണ പ്ലാന്റ് തുടങ്ങിയവയും ടി.ഡി.പി ആവശ്യപ്പെടുന്നു. നിയമസഭ സീറ്റുകള്‍ 175ല്‍ നിന്ന് 225 ആക്കി വര്‍ദ്ധിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. വിഭജനത്തിലൂടെ ആന്ധ്രാപ്രദേശിനുണ്ടായ നഷ്ടം ഓരോ രൂപ വച്ചും കേന്ദ്രസര്‍ക്കാര്‍ നികത്തുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രാജ്യസഭയില്‍ ആന്ധയില്‍ നിന്നുള്ള എം.പിമാര്‍ക്ക് കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിരുന്നു

Top