ശിവപ്രസാദ റാവുവിന്റെ മരണം;ആത്മഹത്യയാണോ എന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്ന് പൊലീസ്

അമരാവതി: ആന്ധ്രപ്രദേശ് മുന്‍ സ്പീക്കറും ടിഡിപി നേതാവുമായ കൊടേല ശിവപ്രസാദ റാവുവിന്റെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് പൊലീസ്. ഇദ്ദേഹം ഹൈദരാബാദിലെ വസതിയില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്.എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടാതെ ഇക്കാര്യം സ്ഥിരീകരിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. തൂങ്ങിമരണമാണോയെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്ന് പൊലീസ് അറിയിച്ചു. മരണകാരണം സംബന്ധിച്ച് ഡോക്ടര്‍മാര്‍ ഇനിയും ബുള്ളറ്റില്‍ പുറത്തുവിട്ടിട്ടില്ല. ഭാര്യ ശശികല, മക്കളായ ശിവറാം, വിജയലക്ഷ്മി എന്നിവര്‍ക്കൊപ്പമായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്.

ആറു തവണ എംഎല്‍എയായ ശിവപ്രസാദ റാവു 2014-2019 കാലത്ത് ആന്ധ്രനിയമസഭയില്‍ സ്പീക്കറായിരുന്നു.

ജഗമോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് നിരന്തരമായി വന്ന അഴിമതിക്കേസുകളെ തുടര്‍ന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മകനും മകള്‍ക്കുമെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അധികാരമൊഴിഞ്ഞപ്പോള്‍ നിയമസഭയിലെ ഫര്‍ണിച്ചര്‍ വീട്ടിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.

Top