ശിവപ്രസാദ് റാവുവിന്റെ മരണം കൊലപാതകമെന്ന് ബന്ധു, പി​ന്നി​ല്‍ മ​ക​ന്‍

ഹൈദരാബാദ്: മുന്‍ ആന്ധ്രപ്രദേശ് നിയമസഭാ സ്പീക്കറും മുതിര്‍ന്ന ടിഡിപി നേതാവുമായ കോഡേല ശിവപ്രസാദ് റാവുവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍. അനന്തരവന്‍ കാഞ്ചി സായിയാണ് ആരോപണവുമായി രംഗത്ത് വന്നത്. റാവു കൊല്ലപ്പെട്ടതാകാനാണു സാധ്യതയെന്നും മൂത്ത മകന്‍ ശിവറാമിനു മരണത്തില്‍ പങ്കുണ്ടെന്നും കാഞ്ചി സായി പറഞ്ഞു.

ഇതു സംബന്ധിച്ച് സായി ഗുണ്ടൂര്‍ പോലീസിനു കത്തെഴുതി. ശിവറാം സ്വത്ത് സ്വന്തമാക്കുന്നതിനായി ശ്രമിച്ചിരുന്നെന്നും ഇതിന്റെ പേരില്‍ ഭീഷണി മുഴക്കിയിരുന്നെന്നും സായി കത്തില്‍ പറയുന്നു. എന്നാല്‍ മൂത്തമകള്‍ വിജയലക്ഷ്മി ഈ ആരോപണം നിഷേധിച്ചു.

പിതാവ് ഫാനില്‍ തൂങ്ങിനില്‍ക്കുന്നതു താന്‍ കണ്ടതാണെന്നും ഡ്രൈവറെയും ഗണ്‍മാനെയും വിവരമറിയിച്ചതു താനാണെന്നും മകള്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ സ്വവസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.

ഭാര്യ ശശികല, മക്കളായ ശിവറാം, വിജയലക്ഷ്മി എന്നിവര്‍ക്കൊപ്പമായിരുന്നു ഇദ്ദേഹം കഴിഞ്ഞിരുന്നത്. ആറു തവണ എംഎല്‍എയായ ശിവപ്രസാദ റാവു 2014-2019 കാലത്ത് ആന്ധ്രനിയമസഭയില്‍ സ്പീക്കറായിരുന്നു.

Top