ഇന്നലെ മുളച്ച ആന്ധ്രക്ക് 3 തലസ്ഥാനങ്ങള്‍ ! 19 വര്‍ഷം, ഒരു തലസ്ഥാനമില്ലാതെ ഉത്തരാഖണ്ഡ്!

ന്ധ്രപ്രദേശിലെ രണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ തമ്മില്‍ ഉഗ്രന്‍ പോരാട്ടത്തിലാണ്. വിഷയം ഒന്ന് മാത്രം. പുതുതായി വിഭജിച്ച് രൂപീകരിച്ച ആന്ധ്രക്ക് എത്ര തലസ്ഥാനം വേണം, ഒന്നോ, അതോ മൂന്നോ?

മൂന്ന് തലസ്ഥാനങ്ങളുമായി അധികാരം എല്ലായിടത്തും എത്തിക്കാനാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് ബില്ലുകളും സംസ്ഥാന നിയമസഭ പാസാക്കി. ഈ പദ്ധതി നടപ്പായാല്‍ ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനങ്ങള്‍ രൂപപ്പെടും, അമരാവതി, വിശാഖപട്ടണം, കുര്‍ണൂല്‍ എന്നിവയാണത്.

എന്നാല്‍ സംസ്ഥാന നിയമസഭയുടെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ബില്‍ തള്ളുകയും, കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സെലക്ഷന്‍ കമ്മിറ്റിക്ക് വിടുകയും ചെയ്തു. പ്രതിപക്ഷമായ ടിഡിപിയ്ക്ക് 58 അംഗങ്ങളുമായി ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഭൂരിപക്ഷമുണ്ട്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആന്ധ്രയ്ക്ക് അമരാവതി തലസ്ഥാനമാക്കാനാണ് പദ്ധതി ഇട്ടത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ മൂന്ന് തലസ്ഥാനങ്ങള്‍ ഈ പദ്ധതിയെ അട്ടിമറിക്കുമെന്നാണ് നായിഡു ഭയക്കുന്നത്.

തലസ്ഥാനത്തിനായി ആന്ധ്ര പോരാടുമ്പോള്‍ 19 വര്‍ഷമായി തലസ്ഥാനം തീരുമാനിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഉത്തരാഖണ്ഡ്. സ്ഥിരമായി തലസ്ഥാനമില്ലാത്ത സ്വതന്ത്ര ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. അഞ്ച് സര്‍ക്കാരുകളും, എട്ട് മുഖ്യമന്ത്രിമാരെയും കണ്ടിട്ടും രണ്ട് ദശകമായി ഒരു തീരുമാനം എടുക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഡെറാഡൂണ്‍ ആണ് ഉത്തരാഖണ്ഡിന്റെ താല്‍ക്കാലിക ആസ്ഥാനം.

Top