പരീക്ഷണാടിസ്ഥാനത്തില്‍ ‘ഹൈപ്പര്‍ ലൂപ്പ് ഗതാഗതം’ നടത്താനൊരുങ്ങി ആന്ധ്രാപ്രദേശ്

ഹൈദരാബാദ്: പരീക്ഷണാടിസ്ഥാനത്തില്‍ ഹൈപ്പര്‍ ലൂപ്പ് ഗതാഗതം നടത്താനൊരുങ്ങി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍.

ഗതാഗത രംഗത്ത് വിദേശ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച സാങ്കേതികവിദ്യയാണ് ഹൈപ്പര്‍ ലൂപ്പ് (എച്ച്ടിടി).

വിജയവാഡ-അമരാവതി മേഖലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടത്താനാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഹൈപ്പര്‍ലൂപ്പ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് കരാറില്‍ അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ എച്ച്ടിടിയും ആന്ധ്രാപ്രദേശ് ഇക്കണോമിക്‌സ് ഡെവലെപ്പ്‌മെന്റ് ബോര്‍ഡും(എപിഇഡിബി) ഒപ്പ് വെച്ചു. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.

ഒരു മണിക്കൂര്‍ യാത്രദൈര്‍ഘ്യമുള്ള ഈ റൂട്ടില്‍ ഹൈപ്പര്‍ലൂപ്പ് വരുന്നതോടെ യാത്രാസമയം അഞ്ച് മിനിറ്റായി കുറയും.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള സാധ്യതാ പഠനം ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് ലഭ്യമായ വിവരം. ആറ് മസത്തെ സാധ്യതാപഠനത്തിനു ശേഷം അമരാവതിവിജയവാഡ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള റൂട്ടും പഠനത്തില്‍ കണ്ടെത്തും.

തിരക്ക്, മലിനീകരണം തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് നഗരങ്ങളിലെ ജീവത സഹചര്യം ദുസ്സഹമാകുകയാണ്. ഗതാഗത സംവിധാനത്തില്‍ നിന്നാണ് ഏറ്റവുമധികം വായുമലിനീകരണം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെയാണ് ആന്ധ്രാപ്രദേശ് ഈ ഗതാഗത സംവിധാനത്തിലേക്ക് പോകുന്നതെന്ന് എപിഇഡിബി എക്‌സിക്യുട്ടീവ് ഓഫീസര്‍ കൃഷ്ണ കിഷോര്‍ അറിയിച്ചു.

ആന്ധ്രാപ്രദേശ് സര്‍ക്കാരുമായി ചേര്‍ന്ന് എച്ച്ടിടി പദ്ധതി നടപ്പാക്കുന്നതില്‍ സന്തോഷമുണ്ട്. പദ്ധതിയുടെ സുരക്ഷിതും കാര്യക്ഷമവുമായ നടത്തിപ്പിനാണ് സ്വകാര്യ പങ്കാളിത്തം ക്ഷണിക്കുന്നതെന്ന് എച്ച്ടിടി ചെയര്‍മാന്‍ ബിബോപ് ഗ്രെസ്റ്റ അറിയിച്ചു.

Top