വിവാഹ ധൂര്‍ത്തുകാര്‍ക്കൊരു മാതൃക; ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകന്റെ വിവാഹ ചെലവ് 18,000 രൂപ !

ഹൈദരാബാദ്: കോടികള്‍ പൊടിപൊടിച്ചുള്ള ആര്‍ഭാടവിവാഹങ്ങള്‍ക്ക് ഒരു ഉഗ്രന്‍ മാതൃകയുമായി ഐ.എ.എസ് ഉദ്യോഗസ്ഥന്‍. സ്വന്തം മകന്റെ വിവാഹത്തിന് 18,000 രൂപ മാത്രം ചെലവഴിച്ചാണ് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബസന്ത് കുമാര്‍ എല്ലാവര്‍ക്കും മാതൃകയായത്. വിശാഖപട്ടണം മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്‌മെന്റ് അതോറിറ്റി കമ്മീഷണറാണ് ബസന്ത് കുമാര്‍.

വെള്ളിയാഴ്ചയാണ് ബസന്ത് കുമാറിന്റെ മകന്റെ വിവാഹം നടക്കുന്നത്. വധുവിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും 18,000 രൂപ വീതം ആകെ 36,000 രൂപയാണ് വിവാഹ നടത്തിപ്പിനായി ചെലവഴിക്കുക. അതിഥികള്‍ക്കുള്ള വിരുന്നു സല്‍ക്കാരവും ഇതില്‍ ഉള്‍പ്പെടും. വെള്ളിയാഴ്ച നടക്കുന്ന അതീവലളിതമായ ചടങ്ങില്‍ തെലങ്കാന ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ നവദമ്പതികളെ ആശീര്‍വദിക്കാനെത്തും.

ബസന്ത് കുമാര്‍ ഇതാദ്യമായല്ല ലളിതമായി വിവാഹം നടത്തുന്നത്. 2017ല്‍ മകളുടെ വിവാഹവും ചെലവ് ചുരുക്കിയാണ് അദ്ദേഹം നടത്തിയത്. 16,000 രൂപയായിരുന്നു അന്ന് വിവാഹത്തിനായി മാറ്റി വെച്ച തുക.

Top