അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

Chandrababu Naidu

അമരാവതി : തന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച് മന്ത്രി അറിയിപ്പ് നല്‍കിയത്. സംസ്ഥാനത്ത് അവയവദാന വാരാചരണം ഇന്നു മുതല്‍ ആരംഭിച്ച സാഹചര്യത്തിലാണ് പ്രധാന തീരുമാനവുമായി മുഖ്യമന്ത്രിയുടെ വരവ്.

മിഷന്‍ ഫോര്‍ എലിമിനേഷന്‍ ഓഫ് പോവര്‍ടി ഇന്‍ മുന്‍സിപ്പല്‍ ഏരിയ (MEPMA) ഗ്രൂപ്പന്റെ നേതൃത്വത്തിലാണ് അവയവ ദാന വാരാചരണം നടക്കുന്നത്. 1.20 ലക്ഷത്തോളം പേരാണ് അവയവ ദാനത്തിന് സമ്മതിച്ചു കൊണ്ട് രംഗത്തു വന്നിട്ടുള്ളത്.

ഒറ്റ ദിവസം കൊണ്ടു തന്നെ 1.20 ലക്ഷത്തോളം പേര്‍ തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിച്ചു കൊണ്ട് രംഗത്തു വന്നത് ചരിത്രപരമായ സംഭവമാണെന്നും. ആളുകള്‍ക്കിടയില്‍ അവയവ ദാനത്തെ കുറിച്ചുള്ള അന്ധവിശ്വാസങ്ങളും മറ്റും മാറാന്‍ ഇതു വഴി സാധ്യമാകട്ടെ എന്നും നായിഡു പറഞ്ഞു. ഇത്തരമൊരു വാരാചരണം നടത്തുന്നതിന് എം ഇ പി എം എ ഗ്രൂപ്പിനെ അഭിനന്ദിക്കാനും മന്ത്രി മറന്നില്ല.

പഠന കാലം മുതല്‍ക്കു തന്നെ അവയവ ദാനത്തെ കുറിച്ച് മനസിലാക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും, ഡ്രൈവിംഗ് ലൈസന്‍സില്‍ അവയവ ദാനം നിര്‍ബന്ധമാക്കണമെന്നതും തങ്ങളുടെ ചര്‍ച്ചയിലുണ്ടെന്ന് ചന്ദ്രബാബു നായിഡു വ്യക്തമാക്കി. കൂടാതെ ഇതിന്റെ മഹത്വം മനസിലാക്കി കൂടുതല്‍ ആളുകള്‍ അവയവ ദാനത്തിനായി മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു ദിവസം 1.20 ലക്ഷം പേര്‍ അവയവങ്ങള്‍ ദാന സമ്മത പത്രം നല്‍കിയ ക്യാമ്പയിന്‍ പ്രചോദനമായ റെക്കോര്‍ഡാണെന്ന് ഡല്‍ഹിയിലെ ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ’ പ്രതിനിധി രാകേഷ് വര്‍മ പറഞ്ഞു.

Top