ആന്ധ്രയിൽ അരങ്ങു തകർക്കുന്നത് ഇപ്പോഴും കുടിപ്പകയുടെ രാഷ്ട്രീയം . . .

സ്ഥിരമായി ഒരു തലസ്ഥാനം പോലും ഇല്ലാത്ത സ്വതന്ത്ര ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

ഇതിനകം തന്നെ അഞ്ച് സര്‍ക്കാരുകളെയും എട്ട് മുഖ്യമന്ത്രിമാരെയും കണ്ടിട്ടും തലസ്ഥാന കാര്യത്തില്‍ ഒരു തീരുമാനവും എടുക്കാന്‍ ഇതുവരെ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടില്ല. നിലവില്‍ ഡെറാഡൂണിനെയാണ് താല്‍ക്കാലിക തലസ്ഥാനമായി ഇവിടെ ഉപയോഗപ്പെടുത്തിവരുന്നത്.

എന്നാല്‍ ആന്ധ്രയുടെ സ്ഥിതി അതല്ല, അവിടെ മൂന്ന് തലസ്ഥാനം പണിയാനാണ് സര്‍ക്കാറിന്റെ തീരുമാനം. മൂന്ന് തലസ്ഥാനങ്ങളിലൂടെ എല്ലായിടത്തും അധികാര കേന്ദ്രങ്ങളെ എത്തിക്കാനാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി രണ്ട് ബില്ലുകളും നിയമസഭ പാസാക്കിയിട്ടുണ്ട്. അമരാവതി, വിശാഖപട്ടണം, കര്‍ണൂല്‍ എന്നിവയാണ് തലസ്ഥാനത്തിനായി പരിഗണിക്കുന്ന സ്ഥലങ്ങള്‍.

അതേസമയം സംസ്ഥാന നിയമസഭയുടെ ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സില്‍, ഈ ബില്‍ തള്ളിക്കളഞ്ഞത് മുഖ്യമന്ത്രിക്ക് തിരിച്ചടിയായിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സെലക്ഷന്‍ കമ്മറ്റിയിലേക്കാണ് ബില്ലിപ്പോള്‍ വിട്ടിരിക്കുന്നത്.

പ്രതിപക്ഷമായ ടി.ഡി.പി ക്കാണ് ഇപ്പോഴും ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഭൂരിപക്ഷമുള്ളത്.ഇതിന്റെ കാലാവധി കഴിയുന്നതോടെ മാത്രമേ ഭരണപക്ഷത്തിന് മേധാവിത്വം ലഭിക്കുകയൊള്ളൂ. അതു വരെ തലസ്ഥാന നീക്കം ത്രിശങ്കുവില്‍ തന്നെയായിരിക്കും. ടി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അമരാവതിയായിരുന്നു തലസ്ഥാനമാക്കാന്‍ തീരുമാനിച്ചിരുന്നത്.

ഈ പദ്ധതിയെ അട്ടിമറിക്കാനാണ് ജഗന്‍ മോഹന്‍ റെഡ്ഡി മൂന്ന് തലസ്ഥാനങ്ങള്‍ സൃഷ്ടിക്കാന്‍ നിലവില്‍ ശ്രമിക്കുന്നത്.

വൈകിയാലും ഈ പദ്ധതി നടപ്പാക്കുമെന്ന് തന്നെയാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പ്രതിപക്ഷമാകട്ടെ മൂന്ന് തലസ്ഥാനത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് അഴിച്ച് വിട്ടിരിക്കുന്നത്.

ടി.ഡി.പി തന്നെയാണ് പ്രക്ഷോഭ രംഗത്തും മുന്നിലുള്ളത്. വലിയ പ്രതിസന്ധിയാണ് ഈ പാര്‍ട്ടിയിപ്പോള്‍ ആന്ധ്രയില്‍ നേരിടുന്നത്.

ബി.ജെ.പിയുമായി സൂപ്പര്‍ സ്റ്റാര്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി സഖ്യത്തിലായത് ടി.ഡി.പിക്ക് വലിയ ഭീഷണിയായിട്ടുണ്ട്.

ടി.ഡി.പിയില്‍ നിന്നും അണികളുടെ ഒഴുക്ക് ഈ സഖ്യത്തിലേക്ക് ഉണ്ടാകുമോ എന്നാണ് നേതൃത്വത്തിന്റെ ഭയം.

ജഗന്‍ മോഹന്‍ റെഡ്ഡി പ്രതികാര രാഷ്ട്രീയം പയറ്റുന്നതിനാല്‍ പല നേതാക്കളും ഇതിനകം തന്നെ ടി.ഡി.പി യോട് ഗുഡ് ബൈ പറഞ്ഞിട്ടുണ്ട്. ബി.ജെ.പി – ജനസേന സഖ്യത്തിലേക്കാണ് ടി.ഡി പി പ്രവര്‍ത്തകരുടെ ഒഴുക്ക്.മുഖ്യമന്ത്രി, ബി.ജെ.പി സഖ്യത്തോട് ഏറ്റുമുട്ടാന്‍ വരില്ലന്നതും ഈ സഖ്യത്തിന് ആശ്വാസമായിട്ടുണ്ട്.

അതേ സമയം പവന്‍ കല്യാണിന്റെ അവസരവാദ നിലപാടിനെതിരെ ഇടതുപക്ഷ പാര്‍ട്ടികളും ഇപ്പോള്‍ ശകതമായി രംഗത്ത് വന്നിട്ടുണ്ട്. പവന്‍ കല്യാണ്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ പേടിച്ചിട്ടാണ് കൂട് മാറിയതെന്നാണ് ടി.ഡി.പിയും ആരോപിക്കുന്നത്.

Staff Reporter

Top