കൊറോണ വൈറസ് എന്ന് സംശയം; വയോധികന്‍ ആത്മഹത്യ ചെയ്തു

അമരാവതി: കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ആന്ധ്രയില്‍ ഒരാള്‍ ജീവനൊടുക്കി. ആന്ധ്രയിലെ ചിറ്റൂരില്‍ 54 കാരനാണ് തെറ്റിദ്ധാരണയെ തുടര്‍ന്ന് ജീവനൊടുക്കിയത്.

കൊറോണ വൈറസ് ബാധിച്ചാലുണ്ടാകുന്ന ലക്ഷണങ്ങള്‍ തന്നിലുണ്ടെന്ന് തെറ്റിദ്ധരിച്ച ഇയാള്‍ ഗ്രാമത്തിലെ മറ്റാര്‍ക്കും രോഗം വരാതിരിക്കാനാണ് ജീവനൊടുക്കിയത്. വൈറസ് ബാധയുണ്ടോയെന്ന് ഇയാള്‍ ആശുപത്രിയില്‍ പോയി പരിശോധന നടത്തിയിരുന്നു. വൈറസ് ബാധയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ഇയാള്‍ വിശ്വസിച്ചില്ല. ആരും തന്റെയടുത്തേക്ക് വരരുതെന്നും ഇയാള്‍ ഗ്രാമീണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. രോഗം ബാധിച്ചെന്ന് വിശ്വസിച്ച ഇയാള്‍ മാനസികമായി ഏറെ അസ്വസ്ഥനായിരുന്നെന്ന് മകന്‍ പറഞ്ഞു.

അതേസമയം കൊറോണ ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1112 ആയി. രോഗം ബാധയെ തുടര്‍ന്ന് ഇന്നലെ മാത്രം ചൈനയില്‍ മരിച്ചത്. 99 പേരാണ്.

99 ശതമാനം വൈറസ് ബാധയും ചൈനയിലാണെങ്കിലും മറ്റുരാജ്യങ്ങള്‍ ഏറെ കരുതിയിരിക്കണമെന്ന് ഡബ്ള്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു. കൊറോണയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ജനീവയില്‍ നടക്കുന്ന രണ്ടുദിവസത്തെ സമ്മേളനത്തില്‍ നാനൂറിലധികം ശാസ്ത്രജ്ഞരാണ് പങ്കെടുക്കുന്നത്. വൈറസ് എവിടെനിന്ന് എങ്ങനെ പടര്‍ന്നു, മരുന്നിനായുള്ള ഗവേഷണങ്ങള്‍ എവിടെയെത്തി തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചചെയ്യുക.

Top