ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം അനുവദിച്ച് ആന്ധ്ര ഹൈക്കോടതി

ബെംഗളൂരു: ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം അനുവദിച്ച് ആന്ധ്ര ഹൈക്കോടതി. സ്‌കില്‍ ഡവലെപ്‌മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ ആണ് നായിഡുവിന് കോടതി ജാമ്യം അനുവദിച്ചത്. നാല് ആഴ്ചത്തേക്കാണ് നായിഡുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്ന നായിഡുവിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

ഹൈക്കോടതി ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് മുന്‍പായാണ് മറ്റൊരു അഴിമതിക്കേസ് സിഐഡി രജിസ്റ്റര്‍ ചെയ്തത്. ഭരണകാലത്ത് അനധികൃതമായി മദ്യനിര്‍മാണക്കമ്പനികള്‍ക്ക് ലൈസന്‍സ് അനുവദിച്ചു എന്നാണ് കേസ്. ഇതില്‍ നായിഡു മൂന്നാം പ്രതിയാണ്. അഴിമതി നിരോധനനിയമപ്രകാരം തന്നെയാണ് പുതിയ കേസും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ തുടര്‍നടപടികള്‍ക്ക് അനുവാദം തേടി സിഐഡി വിഭാഗം എസിബി കോടതിയെ സമീപിച്ചിട്ടുമുണ്ട്.സ്ഥിരം ജാമ്യം തേടിയുള്ള നായിഡുവിന്റെ അപേക്ഷയില്‍ കോടതി നവംബര്‍ 9-ന് വാദം കേള്‍ക്കും. സെപ്റ്റംബര്‍ 9-നാണ് നായിഡുവിനെ ആന്ധ്ര സിഐഡി അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തത്. ഇതിനിടെ, നായിഡുവിനെതിരെ മറ്റൊരു കേസ് കൂടി ആന്ധ്ര സിഐഡി രജിസ്റ്റര്‍ ചെയ്തു.

 

Top